newsdesk
ഓമശ്ശേരി ∙ പഞ്ചായത്തിലെ കണ്ണങ്കോട് മലയിൽ കരിങ്കൽ, ചെങ്കൽ ക്വാറികൾക്ക് നൽകിയ പ്രവർത്തനാനുമതി പുനഃപരിശോധിക്കണമെന്ന് ജനപ്രതിനിധികളുടെയും റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കലക്ടറോട് ആവശ്യപ്പെട്ടു. കരിങ്കൽ, ചെങ്കൽ ക്വാറികളുടെ ഖനനം കാരണം ദുരന്ത സാധ്യത കൂടുതലാണെന്നും വയനാട് ദുരന്തത്തിനു ശേഷം പരിസര പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. അധികൃതർ പുറത്തുവിട്ട ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കൂടത്തായി വില്ലേജ് പരിധിയിൽ പെട്ട കണ്ണങ്കോട് മലയുടെ പേരുൾപ്പെട്ടത് ഗ്രാമവാസികളുടെ ഭയം വർധിപ്പിക്കുകയാണ്.
കണ്ണങ്കോട് മലയുടെ ചുറ്റുപാടുമുള്ള പല കുടുംബങ്ങളും ഭയന്ന് ബന്ധു വീടുകളിലേക്കും മറ്റും മാറി. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രവർത്തനാനുമതി റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.