Site icon CTV Online

അഗസ്ത്യൻമൂഴി പാലം പുതുക്കിപ്പണിയില്ല; സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണി മാത്രം.

Web Desk

സംസ്ഥാന പാതയിൽ മുക്കം–കോഴിക്കോട് റോഡിൽ അഗസ്ത്യൻമൂഴിയിൽ അപകടാവസ്ഥയിലുള്ള പാലം പുതുക്കി പണിയാൻ നടപടിയില്ല. സംസ്ഥാന പാത നവീകരണ പദ്ധതിയിൽ അറ്റകുറ്റപ്പണി മാത്രം. വീതി കൂടിയ റോഡിലുള്ള വീതി കുറഞ്ഞ പാലം പുതുക്കി പണിയണമെന്ന വർഷങ്ങളുടെ ആവശ്യവും യാഥാർഥ്യമാകുന്നില്ല. 1970കളിൽ നിർമിച്ചതാണ് പാലം. സമാന്തരമായുള്ള ബ്രിട്ടിഷ് പാലവും കാടുകയറി നശിക്കുകയാണ്. കാലപ്പഴക്കം ചെന്ന പാലത്തിന്റെ അടിഭാഗം പൂർണമായും തകർച്ചയിലാണ്. അടിഭാഗത്തെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്. ശോച്യാവസ്ഥയിൽ ഏത് നിമിഷവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുന്നു.
പാലത്തിന്റെ പാർശ്വ ഭിത്തികളും തകർന്ന് കിടക്കുന്നു. കൈവരികളും അപകടാവസ്ഥയിലാണ്.കോടികൾ ചെലവഴിച്ചുള്ള സംസ്ഥാന പാത നവീകരണത്തിൽ പാലങ്ങൾ പുതുക്കി നി‍ർമിക്കുമെന്ന പ്രതീക്ഷയും അവസാനിച്ചു. പാലത്തിന്റെ സ്ലാബുകൾ തകർന്ന് കിടക്കുന്ന ഭാഗത്തെ കമ്പികൾ സിമന്റ് ഉപയോഗിച്ച് അടയ്ക്കുന്ന മുഖം മിനുക്കൽ പണിയാണ് നടത്തുന്നത്. കൈവരികൾ നന്നാക്കി പെയിന്റിങ് നടത്തും. റോഡുകൾ വികസിക്കുന്നതിനൊപ്പം പാലങ്ങളുടെ വികസനം നടക്കാത്തത് ഗതാഗത പ്രശ്നവും രൂക്ഷമാക്കും. വീതി കൂട്ടി പാലം പുതുക്കി പണിയാനുള്ള സ്ഥലങ്ങൾ പാലത്തിന്റെ ഇരുവശങ്ങളിലും ധാരാളമുണ്ട്.

Exit mobile version