മുക്കത്തിന്റെ വികസനത്തിന് മൂക്കുകയറിട്ട് മിനി സിവിൽ സ്റ്റേഷൻ;ബജറ്റിൽ തുക വകയിരുത്തിയിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിയില്ല

മുക്കം∙ ഒന്നാം നിലയിലൊതുങ്ങി വികസനം വഴിമുട്ടി അഗസ്ത്യൻമൂഴിയിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം. ബജറ്റിൽ തുക വകയിരുത്തിയിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിയില്ല. കെട്ടിട സൗകര്യമില്ലാത്തതിന്റെ പേരിൽ കൃഷി ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ക്ഷീര വികസന വകുപ്പ് ഓഫിസും മുക്കത്തിന് നേരത്തെ നഷ്ടപ്പെട്ടു.

സർക്കാർ ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണു മിനി സിവിൽ സ്റ്റേഷൻ നവീകരണം അനന്തമായി നീളുന്നത്. പുതിയ ഓഫിസുകൾ മുക്കത്തിനു ലഭിച്ചാലും ഓഫിസ് സൗകര്യമില്ലാത്ത അവസ്ഥയിൽ നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. ഏറെ ഒച്ചപ്പാടുകൾക്കും സമരങ്ങൾക്കും ശേഷമാണ് അഗസ്ത്യൻമൂഴിയിൽ സിവിൽ സ്റ്റേഷൻ യാഥാർഥ്യമായത്.

മുക്കത്ത് വാടക കെട്ടിടങ്ങളിൽ അസൗകര്യങ്ങൾക്ക് നടുവിൽ കഴിഞ്ഞിരുന്ന സബ് ട്രഷറി ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, കൃഷി ഭവൻ, സബ് റജിസ്ട്രാർ ഓഫിസ് എന്നിവ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. ഐസിഡിഎസ് സൂപ്പർവൈസറുടെ കാര്യാലയം ഇപ്പോഴും മുക്കത്ത് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!