Site icon CTV Online

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിനയ്ക്കു നീതി ഉറപ്പാക്കും, യുഡിഎഫ് ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട് ∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്ന പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനക്കു നീതി ലഭിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പു നൽകി. പ്രതിപക്ഷ നേതാവുമായി ഹർഷിന നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, കൺവീനർ മുസ്‌തഫ പാലാഴി, വൈസ് ചെയർമാൻ എം.ടി. സേതുമാധവൻ, എം.വി. അബ്ദുൽ ലത്തീഫ്, കെ.കെ.കോയ, ഹമീദ് മൗലവി, അൻഷാദ് മണക്കടവ്, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് എന്നിവർക്ക് ഒപ്പമാണ് ഹർഷിന കോഴിക്കോട് ഡിസിസി ഓഫിസിൽ പ്രതിപക്ഷ നേതാവിനെ കണ്ടത്.

പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, അഡ്വ കെ ജയന്ത്, കെ.സി.അബു എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഹർഷിനയുടെ വിഷയം ഉന്നയിക്കുമെന്നും ഹർഷിനക്കു വേണ്ടി വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 8ന് സെക്രട്ടേറിയറ്റിനു മുൻപിൽ ഹർഷിന സമരസമിതിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹ സമരം നടത്തുമെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും പറഞ്ഞു. സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽനിന്ന് ഈ കത്രിക 2022 സെപ്റ്റംബർ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കേസിൽ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കെ.സുദർശനന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. മൂന്നു പ്രസവ ശസ്ത്രക്രിയ നടത്തിയ ഹർഷിനയുടെ വയറ്റിൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. എന്നാൽ, ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉപകരണം മെഡിക്കൽ കോളജിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതും തുടർ നടപടികളുമായി മുന്നോട്ടു പോയതും. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് കേസിൽ ചുമത്തിയത്.

കുന്നമംഗലം കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 2024 ജൂലൈയിൽ വിചാരണ തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് ഹൈക്കോടതി കേസ് സ്റ്റേ ചെയ്യുകയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഡോ.സി.കെ.രമേശൻ, ഡോ.എം.ഹഷ്നി എന്നിവരുടെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ. പ്രോസിക്യൂഷൻ മൗനം പാലിച്ചത് സർക്കാർ നിലപാട് കാരണമാണെന്നും ഇത്തരത്തിൽ സർക്കാർ ഹൈക്കോടതിയിൽ കേസ് അട്ടിമറിക്കാനുളള നീക്കമാണ് നടത്തിയതെന്നുമാണ് സമരസമിതിയുടെ ആരോപണം.

Exit mobile version