Site icon CTV Online

വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണെന്ന് ഉറപ്പിക്കാൻ പറ്റില്ല ;മെഡിക്കൽ ബോ‌ർഡ് റിപ്പോർട്ട്

newsdesk

കോഴിക്കോട്: ശസ്‌ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഹർഷിനയ്ക്കെതിരായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഉപകരണം എവിടെനിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായിട്ടില്ലെന്നും , കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ളതാണെന്ന് ഉറപ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ട് പൂർണമായും തള്ളിയാണ് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെയും വിലയിരുത്തൽ.
അതേസമയം, മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ രണ്ട് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് എ സി പി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവർ വിയോജിച്ചതായാണ് വിവരം. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുൻപ് ഹർഷിനയുടെ ശരീരത്തിൽ ലോഹങ്ങൾ ഇല്ലായിരുന്നുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാലിത് മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നാണ് റേഡിയോളജിസ്റ്റ് പറയുന്നത്.എം ആർ ഐ സ്‌കാനിംഗ് സമയത്ത് പലപ്പോഴും ലോഹത്തിന്റെ സാന്നിദ്ധ്യം കൃത്യമായി കണ്ടെത്താനാകില്ല. രോഗി അബോധാവസ്ഥയിലാണെന്നതിനാൽ അസ്വസ്ഥത അറിയണമെന്നില്ലെന്നുമാണ് റേഡിയോളജിസ്റ്റ് വ്യക്തമാക്കുന്നത്.

പന്തീരാങ്കാവ് മണക്കടവ് മലയിൻകുളങ്ങര കെ കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് തന്നെയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കിടെയായിരുന്നു യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പൊലീസ് ഡി എം ഒയ്ക്ക് സമർപ്പിച്ചത് . മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Exit mobile version