
Web Desk
കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയതായി സക്കീന അറിയിച്ചു. ബുധനാഴ്ച്ച രാവിലെയാണ് സംഭവം നടക്കുന്നത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീന മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു. അകത്തുള്ള മരുമകൾക്ക് ചികിത്സാ രേഖകൾ കൈമാറാൻ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ സക്കീനയെ തള്ളി മാറ്റിയത്. തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ തന്നെ മർദിക്കുകയായിരുന്നുവെന്ന് സക്കീന പറഞ്ഞു.
