
Web Desk
മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ 5 ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരെ സ്പെഷൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഏഴാം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 28 മണിക്കൂർ സമയത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ. സെക്രട്ടറിയുമായ കോവൂർ കരിങ്കുമ്മൽ കെ.അരുൺ എന്ന ഉണ്ണി (34), ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഇരിങ്ങാടൻപള്ളി സ്വദേശി മരങ്ങോളിനിലം പീതാംബരത്തിൽ എം.കെ.അഷിൻ (24), സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഇരിങ്ങാടൻപള്ളി സ്വദേശി പൊയ്യേരി പുതുക്കുടി കെ.രാജേഷ് എന്ന രാജു (43), ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് മായനാട് സ്വദേശി ഇയ്യക്കാട്ടിൽ മുഹമ്മദ് ഷബീർ (33), കോവൂർ സ്വദേശി മഠത്തിൽ സജിൻ (20) എന്നീ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1 മുതൽ ഇന്നു വൈകിട്ട് 5 വരെയാണ് പൊലീസ് കസ്റ്റഡി.
പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ പൊലീസ് കൃത്രിമ തെളിവുകൾ ഉണ്ടാക്കുമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. പ്രതികളിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുക്കാനില്ലെന്നും ഒരു സാധാരണ തർക്കത്തിനിടയിലുണ്ടായ കശപിശ മാത്രമാണെന്നും എന്നാൽ പൊലീസ് പ്രതികളുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ.ദിനേശൻ വാദിച്ചു.
എന്നാൽ പ്രതികൾ ഷൂ ഇട്ട് ചവിട്ടുകയായിരുന്നെന്നും ഈ ഷൂ കണ്ടെടുക്കേണ്ടതുണ്ടെന്നും പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും 3 ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. സ്പെഷൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യ അപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ ഇന്നലെ അഡ്വ. എം.കെ.ദിനേശൻ മുഖേന സെഷൻസ് കോടതിയിൽ ജാമ്യ അപേക്ഷ നൽകി. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം കേൾക്കും.
ഓഗസ്റ്റ് 31നു രാവിലെ 9.40നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ 3 സുരക്ഷാ ജീവനക്കാരെയും ഒരു മാധ്യമ പ്രവർത്തകനെയും പ്രതികൾ ആക്രമിച്ചത്. പ്രതികൾക്കെതിരെ പൊതുസേവകനെ ഗുരുതരമായി പരുക്കേൽപിച്ച വകുപ്പുകൂടി കഴിഞ്ഞ ദിവസം പൊലീസ് ചേർത്തിരുന്നു. ഇതിനു പുറമേ ആശുപത്രി സംരക്ഷണ നിയമ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
