കോടഞ്ചേരിയിൽ കൊല്ലപ്പെട്ട നിഥിന്റെ ഫോണും ചെരിപ്പും കണ്ടെടുത്തു

കോടഞ്ചേരി∙ കൊല്ലപ്പെട്ട നൂറാംതോട് ചാലപ്പുറത്ത് നിഥിൻ തങ്കച്ചന്റെ (25) മൊബൈൽ ഫോണും ചെരിപ്പും കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പൊലീസ് കണ്ടെടുത്തു. അഭിജിത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് അഫ്സൽ എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി രണ്ടാം ദിവസം വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്. പ്രതികൾ ഉപേക്ഷിച്ചതാണ് ഇവ.

തമ്പലമണ്ണ ഇരുവഞ്ഞിപ്പുഴയിലും അഗസ്ത്യൻമൂഴിപ്പുഴയിലും പൊലീസും മുക്കം അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി. ഇരുവഞ്ഞിപ്പുഴയിൽ തമ്പലമണ്ണ പാലത്തിനു താഴെ നിന്ന് നിഥിൻ തങ്കച്ചന്റെ ചെരിപ്പും ബെൽറ്റും മുങ്ങിയെടുത്തു. മൊബൈൽ ഫോൺ അഗസ്ത്യൻമൂഴി പാലത്തിനു താഴെ നിന്നാണ് ലഭിച്ചത്. കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.പ്രവീൺകുമാർ, എസ്ഐമാരായ സി.സി സാജു, സിപിഒമാരായ റഫീഖ്, സനൽ കുമാർ, അജിത്ത്, നിഥിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!