
Web Desk
വാണിമേൽ, വെള്ളിയോട്ട് മീത്തലെ നടുവിലക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ നിന്ന് 28 പവനോളം വരുന്ന സ്വർണാഭരണം കൈക്കലാക്കിയവർ ആരെന്നു കണ്ടെത്താനുള്ള കടമ്പയാണ് ഇനി പൊലീസിനു മുന്നിൽ. തങ്ങളുടെ മകളുടെ വിവാഹം നടക്കുന്നതിന്റെ തലേന്നു രാത്രിയാണ് ജ്വല്ലറിയിൽ നിന്നു വാങ്ങിച്ചതും സമ്മാനമായി ലഭിച്ചതുമായ 222 ഗ്രാം സ്വർണം മോഷണം പോയത്. ഇതിൽ ഒരു പണത്തൂക്കം പോലും നഷ്ടമാകാതെ മുഴുവൻ ലഭിച്ചത് വീട്ടുകാർക്ക് ആശ്വാസമാകുകയാണ്. പൊലീസിന്റെ സാന്നിധ്യത്തിലും അല്ലാതെയും വീടിനകത്തും പുറത്തും വീട്ടുകാരും നാട്ടുകാരുമെല്ലാം തിരച്ചിൽ നടത്തിയിരുന്നതാണ്. എന്നാൽ, ഒന്നും കണ്ടെത്താനായിരുന്നില്ല. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. അതിനിടെയാണ് ഇന്നലെ രാവിലെ ഫ്ലഷ് ടാങ്കിൽ ഇവ പ്രത്യക്ഷപ്പെട്ടത്. പിടിക്കപ്പെടും എന്നായപ്പോൾ മോഷ്ടാവ് ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസ് കരുതുന്നത്. അത് ആരെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടെത്താനുള്ളത്.
