
NEWSDESK
കോഴിക്കോട്: സമഗ്ര ജലസംരക്ഷണ പദ്ധതിയായ ജലബഡ്ജറ്റ് ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജല സുരക്ഷാ പ്ലാനിലൂടെ ജില്ലയെ ജല ദൗർലഭ്യമില്ലാത്ത ജില്ലയാക്കുകയാണ് ജില്ലാപഞ്ചായത്തിന്റെ ലക്ഷ്യം. ഒരു പ്രദേശത്തെ ജലത്തിന്റെ വിനിയോഗവും ലഭ്യതയും അടിസ്ഥാനമാക്കി ജലസംരക്ഷണ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതാണ് ജലബഡ്ജറ്റ്. സംസ്ഥാനത്ത് ആദ്യമായി ജില്ലാ അടിസ്ഥാനത്തിൽ ജലബഡ്ജറ്റ് ഏറ്റെടുത്തത് കോഴിക്കോട് ജില്ലാ പഞ്ചായത്താണ്.
ജില്ലാതല ശിൽപ്പശാലയ്ക്ക് തുടർച്ചയായി ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ശില്പശാലകൾ നടത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സെപ്തംബർ മാസത്തോടെ ജലബഡ്ജറ്റ് പൂർത്തീകരിച്ച് ജില്ലയുടെ സമഗ്ര ജലസുരക്ഷാ പ്ലാൻ തയ്യാറാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.
