
newsdesk
കോഴിക്കോട്: നിരന്തരം നിയമം ലംഘനങ്ങളും കൂടുതല്‍ പിഴ അടവുകളും ഉണ്ടാക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടി ആലോചിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി. റോഡ് സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കലക്ടറുടെ ചേമ്പറിലാണ് യോഗം ചേര്‍ന്നത്. കേരള ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, ഡി.ആര്‍എം.സി അംഗങ്ങള്‍, പ്രൈവറ്റ് ബസ് ഉടമകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തിലായിരുന്നു യോഗം.
അപകടകരമായ രീതിയില്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കേബിള്‍ ലൈനുകള്‍ എന്നിവ നീക്കാനുള്ള നടപടി, പ്രൈവറ്റ് ബസുകളുടെ വേഗവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു. ബസുകളുടെ അപകടകരമായ മത്സരയോട്ടം, ബസുകളുടെ ജി.പി.എസ് ലൈവ് ട്രാക്കിങ് സൗകര്യം, പഞ്ചിങ്, സമയക്രമം തുടങ്ങിയവയും യോഗം വിലയിരുത്തി.
