NEWSDESK
കോഴിക്കോട്: ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. ‘കൊച്ചിയിൽ പൊട്ടിച്ചതുപോലെ ഒന്ന് കോഴിക്കോടും പ്രതീക്ഷിച്ചോ’ എന്നാണ് കത്തിൽ പ്രധാന വാചകം. പിണറായി പൊലീസ് ഇനിയും വേട്ട തുടർന്നാൽ കോഴിക്കോടും പൊട്ടിക്കും സൂക്ഷിച്ചോയെന്നും കത്തിൽ പറയുന്നു.
അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കന്ന നവകേരള സദസ് നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് വന്നത്. അതിനാൽത്തന്നെ അധികൃതർ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കത്തിനെക്കുറിച്ച് കേന്ദ്ര – സംസ്ഥാന ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ മാസം ഇരുപത്തിയൊൻപതിനാണ് കൊച്ചി കളമശ്ശേരിയിൽ യഹോവ സമ്മേളനത്തിനിടെ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൊമിനിക് മാർട്ടിൻ എന്നയാൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. രാജ്യദ്രോഹപരമായ കാര്യങ്ങളാണ് യഹോവ സാക്ഷികൾ പഠിപ്പിക്കുന്നതെന്നും അതിനാലാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്