ജില്ലയിൽ ഡെങ്കി ഭീഷണി; കഴിഞ്ഞ മാസം ദിവസവും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശരാശരി 21 പേരെ വീതം;പ്രതിരോധം ശക്തമാക്കും

കോഴിക്കോട്∙ ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ മാസം ദിവസവും ശരാശരി 21 പേരെ വീതമാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയ 360 പേരിൽ 108 പേർക്കു സ്ഥിരീകരിച്ചു. സംസ്ഥാനത്തൊട്ടാകെ ഡെങ്കി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രത തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.കൊതുകുകൾ മുട്ടയിട്ടു പെരുകുന്ന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി വരുന്നത്.

കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊതുകു നിർമാർജനത്തിന് പൊതു ജനത്തിന്റെ സേവനം കൂടി വേണമെന്ന് അധികൃതരും ആവശ്യപ്പെട്ടു.സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതിന്റെ മൂന്നിരട്ടി പേർ സ്വകാര്യ ആശുപത്രികളിൽ എത്തുന്നുണ്ട്. ഇതു കൂടി കണക്കിലെടുക്കുമ്പോൾ ഞെട്ടിക്കുന്ന സ്ഥിതിയിലേക്ക് കേരളം നീങ്ങുകയാണെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ പറയുന്നു.

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 3 മാസത്തിനിടെ 14 ജീവനക്കാർക്കു ഡെങ്കിപ്പനി ബാധിച്ചു. ഒപി, അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തവരാണ് രോഗം ബാധിച്ചതിൽ ഏറെ പേരും. ജൂൺ 17ന് ആണ് ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. 3 ഡോക്ടർമാർ, നഴ്സിങ് ഓഫിസർമാർ, നഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവർക്കാണ് രോഗം ബാധിച്ചത്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ആശുപത്രിക്ക് അകത്തും പുറത്തും പരിശോധന നടത്തി. ആശുപത്രി വളപ്പിനു പുറത്ത് കൊതുകിന്റെ ഉറവിടം കണ്ടെത്തി. സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിൽ ഉൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

അപകടകരമാകുന്നത് ഇങ്ങനെ
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്നു കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനി ഉയർത്തുന്ന ആശങ്ക. അതിനാൽ ആരംഭത്തിൽ തന്നെ ഡെങ്കിയാണെന്ന് കണ്ടുപിടിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കടുത്ത രോഗമുള്ളവരിൽ (ഡെങ്കി ഷോക് സിൻഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയിൽ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കി ഹെമറാജിക് ഫീവർ). ഈ 2 പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

വില്ലൻ കൊതുക്
ഈഡിസ്‌ കൊതുകുകൾ വഴി പകരുന്ന രോഗമാണ്‌ ഡെങ്കിപ്പനി. ഈഡിസ്‌ കൊതുകുകൾ കുറെ വിഭാഗങ്ങളുണ്ട്. ഇവയിൽ ഈഡിസ് ആൽബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നിവയാണ് മുഖ്യമായും രോഗം പരത്തുന്നത്. ആർബോവൈറസ്‌ വിഭാഗത്തിൽപെടുന്ന ഫ്ലാവിവൈറസുകളാണ്‌ രോഗത്തിന് കാരണം.

ഡെങ്കി മൂന്നു തരം
ഡെങ്കിപ്പനി പ്രധാനമായും 3 തരത്തിലുണ്ട്. സാധാരണ വൈറൽ പനി പോലെ കാണപ്പെടുന്ന ക്ലാസിക്കൽ ഡെങ്കിപ്പനി, രക്തസ്രാവത്തോടു കൂടിയതും മരണ കാരണമായേക്കാവുന്നതുമായ ഡെങ്കി ഹെമറാജിക് ഫീവർ, രക്തസമ്മർദവും നാഡിമിടിപ്പും തകരാറിലാകുന്ന ഡെങ്കി ഷോക് സിൻഡ്രോം.

ലക്ഷണങ്ങൾ
രോഗാണുവിനെ വഹിക്കുന്ന കൊതുക് കടിച്ച് ഏകദേശം 3–5 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകും. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറകുവശത്തെ വേദന, സന്ധികളിലും പേശികളിലും വേദന, വിശപ്പില്ലായ്മയും രുചിയില്ലായ്മയും, നെഞ്ചിലും മുഖത്തും അഞ്ചാംപനി പോലെ തടിപ്പുകൾ എന്നിവയാണ്‌ ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ.

പ്രതിരോധം പ്രധാനം
∙ കൊതുകു നിയന്ത്രണമാണ്‌ രോഗപ്പകർച്ച തടയുന്നതിന് പ്രധാന മാർഗം. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകകളാണ്‌ രോഗത്തിന് കാരണം. വെളുത്ത പുളളികളോടു കൂടിയ ഇത്തരം കൊതുകുകൾ പകലാണ് മനുഷ്യനെ കടിക്കുന്നത്. ഇവയുടെ മുട്ടകൾ നനവുള്ള പ്രതലങ്ങളിൽ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂല സാഹചര്യത്തിൽ വിരിഞ്ഞ്‌ കൊതുകുകളായി മാറും. ഉറവിട നശീകരണത്തിലൂടെ കൊതുകുകളുടെ പ്രജനനം തടയാം. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലൂടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ.

ശ്രദ്ധിക്കുക
ചെറിയ പനി വന്നാൽ പോലും ഡെങ്കിയുടെ ലക്ഷണമെന്നു തോന്നിയാൽ രോഗി ധാരാളം പാനീയങ്ങൾ കുടിക്കണം. പനി കുറയുന്നതിനുള്ള മരുന്നു കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക.

മെഡി. കോളജിൽ ചികിത്സയിൽ 40 പേർ
ഡെങ്കിപ്പനി ബാധിച്ച് മെഡിസിൻ വാർഡുകളിൽ നാൽപതോളം പേരാണ് ചികിത്സയിലുള്ളത്. രോഗം കൂടി കരളിനെ വരെ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ വരെ ഉണ്ട്. എലിപ്പനി, മ​ഞ്ഞപ്പിത്തം തുടങ്ങിയവ ബാധിച്ചവർ ഉൾപ്പെടെ ഇവിടെ കഴിയുന്നു. രോഗ നിർണയം വൈകിയതിനാൽ രോഗം കൂടി ഗുരുതരാവസ്ഥയിലാണ് പലരും ഇവിടെ എത്തിയത്.

പ്രതിരോധം ശക്തമാക്കും
ജന്തു, ജലജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ ശക്തമാക്കാൻ മേയർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. സ്ഥിരസമിതി അധ്യക്ഷർ, ജില്ലാ വെക്ടർ കൺട്രോൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!