
Web Desk
കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിലുള്ള പണം തട്ടിയ കേസിൽ അറസ്റ്റിലായ പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി.റിജിലിന്റെ (31) മൊഴിയെടുത്തു. തട്ടിയെടുത്ത പണം കൊണ്ട് വീട് പണിതെന്നാണ് മൊഴി. ഭവന വായ്പയെടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയില്‍ നഷ്ടമായപ്പോള്‍ തട്ടിപ്പ് നടത്തിയെന്നും മൊഴിയിൽ പറയുന്നു. 7 ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ബാക്കി പണം ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടെന്നും റിജില്‍ പൊലീസിനോട് പറഞ്ഞു.
കോഴിക്കോട് കോർപറേഷന്റേത് അടക്കം 17 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയാണ് റിജിൽ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് ഏരിമലയിലെ ബന്ധു വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം റിജിലിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷനൽ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം കോർപറേഷനു നഷ്ടപ്പെട്ട 10.07 കോടി രൂപ തിരികെ നൽകാൻ തീരുമാനിച്ചതിനു തൊട്ടു പിറകെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കി, തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്ന് റിജിലിനെ ബാങ്കിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
