ചുറ്റുമതിലിനെ ചുറ്റി വിവാദം; ഗ്രൗണ്ടിലേക്കുളള പരമ്പരാഗത വഴി അടയ്ക്കുന്നതിനെതിരെ കായിക പ്രേമികളുടെ പ്രതിഷേധം

താമരശ്ശേരി∙ താമരശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്കെ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നടത്തുന്ന ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട് വിവാദം. പ്രദേശവാസികളായ കായിക പ്രേമികൾ ഗ്രൗണ്ടിലേക്കുളള പരമ്പരാഗത വഴി കെട്ടി അടയ്ക്കുന്നതിനെതിരെ എതിർപ്പുമായി രംഗത്ത് വന്നതോടെയാണ് ചുറ്റുമതിൽ നിർമാണം വിവാദത്തിലായത്. ഈ സ്കൂൾ മൈതാനം വർഷങ്ങളായി നാട്ടുകാർ പൊതുവായി ഉപയോഗിക്കുന്നതാണ്. കായിക താരങ്ങളടക്കം പരിശീലനം നടത്തുന്നതിനും വ്യായാമത്തിനുമായി ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്.

എന്നാൽ 2500 വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ 8 ഏക്കറോളം വരുന്ന സ്ഥലം അനാഥാവസ്ഥയിൽ കിടക്കുന്നത് മൂലം രാത്രി സാമൂഹിക വിരുദ്ധരും ലഹരി സംഘങ്ങളും മറ്റും താവളമാക്കുന്ന സാഹചര്യത്തിലാണ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പിടിഎയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ഇതിനെ നാട്ടിലെ കായിക പരിശീലനം തടയുന്നതിനുള്ള മതിൽ എന്ന രീതിയിൽ തൽപര കക്ഷികൾ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പിടിഎ ചൂണ്ടിക്കാട്ടുന്നു. സ്കൂളിലെ പ്രധാന ഗേറ്റിലൂടെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ സൗകര്യമുണ്ട്. കായിക പരിശീലന പരിപാടികൾ, കായിക മേളകൾ എന്നിവയ്ക്ക് ഒരു വിധ നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.

error: Content is protected !!