Site icon CTV Online

പെൺകുട്ടികൾക്ക് മദ്യം നൽകി, പീഡിപ്പിക്കാൻ ശ്രമം; യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസ്

Web Desk

ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍, പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ കേസെടുത്തു. മദ്യം കുടിപ്പിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടികളുടെ മൊഴി. പെണ്‍കുട്ടികള്‍ക്ക് പണം കൊടുത്തത് എടക്കര സ്വദേശിയെന്നും കണ്ടെത്തി. ചിൽഡ്രൻസ് ഹോമിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ എങ്ങനെ ബെംഗളൂരുവിൽ എത്തി?, അവർക്കാവശ്യമായ ധനസഹായം എവിടെനിന്ന് ലഭിച്ചു?, പിടിയിലായ രണ്ട് ആൺകുട്ടികളുമായുള്ള ബന്ധമെന്ത്? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കോഴിക്കോടുനിന്ന് ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ ഇവർ ഒരു ഫോൺ വാങ്ങിയിട്ടുണ്ട്.

കോഴിക്കോടുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത കെഎസ്ആർടിസി ബസിലെ കണ്ടക്ടർക്ക് ടിക്കറ്റിന്റെ പണം ഇവർക്കായി മറ്റാരോ ഗൂഗിൾ പേ ചെയ്തു കൊടുത്തു. പാലക്കാടുനിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാത്തതിനെ തുടർന്ന് കോയമ്പത്തൂരിൽ വച്ച് ടിടിഇ ഇവരെ ഇറക്കിവിട്ടു. ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മെഡിക്കൽ കോളജ് എസിപി എ.സുദർശന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. അതേ സമയം, ചിൽഡ്രൻസ് ഹോമിൽ കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായി പൊലിസിന്റെ സുരക്ഷാ ഓഡിറ്റിങ് ആരംഭിച്ചു. പൊലീസിനൊപ്പം വിവിധ വകുപ്പുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്.

Exit mobile version