Site icon CTV Online

കോഴിക്കോട് കടപ്പുറത്തു കഞ്ചാവ് വിരിച്ചുറങ്ങി; പൊലീസ് വിളിച്ചുണർത്തി, പ്രതി റിമാൻഡിൽ

കോഴിക്കോട് ∙ കടപ്പുറത്ത് കഞ്ചാവ് ഉണക്കാൻ വച്ചു പായ വിരിച്ചുറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരും പൊലീസും ചുറ്റും കൂടിയിട്ടും യുവാവ് ഉറങ്ങുകയായിരുന്നു. ഒടുവിൽ പൊലീസ് വിളിച്ചുണർത്തിയാണു കഞ്ചാവു സഹിതം കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 8 മണിയോടെ വെള്ളയിൽ ബീച്ചിലാണു സംഭവം. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫി (40) ആണു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കർണാടക വൈരക്കുപ്പയിൽ നിന്നു കഞ്ചാവെത്തിച്ചു നഗരത്തിൽ വിൽപന നടത്തുന്ന പ്രതി ഇന്നലെ പുലർച്ചെയാണു വെള്ളയിൽ ബീച്ചിലെത്തിയതെന്നു പൊലീസ് പറയുന്നു. വാഹനം റോഡിൽ നിർത്തിയശേഷം കടപ്പുറത്തു കടലാസു വിരിച്ചു കഞ്ചാവ് ഉണക്കാൻ വച്ചു തൊട്ടടുത്തു പായ വിരിച്ചു പുതച്ചുമൂടി കിടക്കുകയായിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

രാവിലെ ബീച്ചിൽ കളിക്കാനെത്തിയവരാണു വെയിലുദിച്ചിട്ടും ഉറങ്ങുന്നയാളെ ശ്രദ്ധിച്ചത്. ബോധമില്ലാതെ കിടക്കുകയാണെന്നു കരുതി പൊലീസിനെ അറിയിച്ചതോടെയാണു കള്ളി വെളിച്ചത്തായത്. 370 ഗ്രാം കഞ്ചാവും ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ രതീഷ്, സിവിൽ പൊലീസ് ഓഫിസർ വിഷ്ണു എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ.

Exit mobile version