newsdesk
തിരുവമ്പാടി ∙ മലയോര മേഖലയുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ 2010ൽ അനുവദിച്ച തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണം ആരംഭിച്ചു. 37 ഇടങ്ങളിൽ പൈലിങ് ആവശ്യമുള്ളതിൽ രണ്ടെണ്ണം പൂർത്തീകരിച്ചു. ഇതിനു ശേഷം പില്ലർ നിർമാണം ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. 2.79കോടി രൂപ ഇതിനായി വകയിരുത്തി. ഒന്നര വർഷം ആണ് നിർമാണ കാലാവധി. നിലവിലെ ഫണ്ട് ഉപയോഗിച്ച പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമോയെന്ന ആശങ്ക ഉണ്ടെങ്കിലും ഫണ്ട് പ്രശ്നം ആകില്ലെന്നാണു ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞത്. 2018ൽ അന്നത്തെ ഗതാഗതമന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച കെഎസ്ആർടിസി ഡിപ്പോ സമുച്ചയ നിർമാണം 6 വർഷം സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിയ ശേഷമാണു നിർമാണം തുടങ്ങുന്നത്.
കെഎസ്ആർടിസി താൽക്കാലിക ഓപ്പറേറ്റിങ് സെന്റർ തിരുവമ്പാടിയിൽ തുടങ്ങിയ കാലം മുതൽ സ്വകാര്യ സ്ഥലത്താണു ഗാരിജ് പ്രവർത്തിക്കുന്നത്. പരിമിത സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലാണ് ഓഫിസുകളും ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്നത്. ഓപ്പറേറ്റിങ് സെന്റർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിലും. 35 ബസുകൾ ആണ് ഇപ്പോൾ തിരുവമ്പാടി ഡിപ്പോയിൽ ഉള്ളത്. 162 ട്രിപ്പുകൾ ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. മൈസൂരിനുള്ള സിഫ്റ്റ് ബസ് ഉൾപ്പെടെ 9 ദീർഘദൂര ബസുകൾ ഇവിടെ നിന്ന് സർവീസ് നടത്തുന്നു. കോവിഡ് കാലത്ത് നിർത്തി പോയ ദീർഘദൂര ബസുകൾ സർവീസ് പുനരാരംഭിച്ചിട്ടില്ല.