Site icon CTV Online

കോഴിക്കോട് ഷോക്കേറ്റ് വീട്ടമ്മയുടെ മരണം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി (40) ആണ് മരിച്ചത്. സംഭവത്തിൽ പശുക്കടവ് ചീരമറ്റം സ്വദേശി ദിലീപ് എന്ന ലിനീഷാണ് അറസ്റ്റിലായത്. ബോബിയുടെ പശുവിനെയും വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ബോബിയുടെയും പശുവിന്റെയും മരണം വൈദ്യുതാഘാതമേറ്റെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

കേഴമാനിനെ പിടികൂടാനായി ലിനീഷ് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് ബോബിയും മരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പശു ചത്തതും ഇതേ കെണിയിൽ നിന്ന് ഷോക്കേറ്റാണെന്നാണ് പൊലീസ് പറയുന്നത്. തെളിവ് നശിപ്പിക്കുന്നതിനായി ലിനീഷ് ശ്രമിച്ചതായും കണ്ടെത്തി. ഇന്നലെ രാത്രി ലിനീഷിനെ പശുക്കടവിലെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കണ്ടെടുത്തതായും വിവരമുണ്ട്. നേരത്തെയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസിൽ പ്രതിയാണ് ലിനീഷ്.ബോബിയുടെ മൃതദേഹം കിടന്നതിന് പരിസരത്തുനിന്ന് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരുന്നു. കൊക്കോ തോട്ടത്തിൽ പിവിസി പൈപ്പിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്.

കൊക്കോ മരത്തിൽ വൈദ്യുതി കമ്പി കുടുക്കാൻ ശ്രമിച്ചതിന്റെയും സൂചനകളുമുണ്ടായിരുന്നു. മൃതദേഹം കിടന്നതിന് സമീപത്തായി വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ബാബുരാജ് ആരോപിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബോബിയെ കാണാതായത്. മേയാൻ വിട്ട വളർത്തുപശു തിരികെ എത്താത്തതിനെത്തുടർന്ന് ബോബി അന്വേഷിച്ചിറങ്ങിയതായി മക്കൾ പിതാവ് ഷിജുവിനെ അറിയിക്കുകയായിരുന്നു. രാത്രിയായിട്ടും ബോബി മടങ്ങിയെത്താതായതോടെ വനംവകുപ്പും പൊലീസും ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാ പ്രവർത്തകരും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ശേഷം പശുവിനെയും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Exit mobile version