newsdesk
കോഴിക്കോട്: വ്യാഴാഴ്ച പിടിയിലായ ബൈക്ക്‌മോഷ്ടാക്കൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഒട്ടേറെ കേസുകളിൽ പ്രതികളുമാണെന്ന് അസി. കമ്മിഷണർ കെ. സുദർശൻ പറഞ്ഞു. പോലീസിനുനേരെ കത്തിവീശിയ കുറ്റിക്കാട്ടൂർ കിളിമഠത്തിൽ മീത്തൽ മുഹമ്മദ് തായിഫ് സംഭവസ്ഥലത്തുനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. സംഭാവന സ്‌കൂളിനടുത്തുള്ള റോഡിൽനിന്നാണ് ബൈക്കെടുത്ത് രക്ഷപ്പെട്ടത്. താക്കോൽ ബൈക്കിൽതന്നെയുണ്ടായിരുന്നതുകൊണ്ട് എളുപ്പം രക്ഷപ്പെടാൻ സൗകര്യമായെന്നും പോലിസ് പറഞ്ഞു. ഇയാൾ കോംട്രസ്റ്റ് കെട്ടിടത്തിന്റെ പരിസരത്തെ കാടുപിടിച്ച ഭാഗത്തുണ്ടാവുമെന്ന് പോലീസിന് വിവരം നൽകിയത് കുറ്റിക്കാട്ടൂരിൽനിന്ന് പിടിയിലായ കൂട്ടാളികളാണ്. കൺട്രോൾറൂം പോലീസിന്റെയും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
19 വയസ്സുമാത്രമുള്ള ഇയാളുടെ പേരിൽ 22 കേസുകൾ പല സ്റ്റേഷനുകളിലായുണ്ടെന്ന് എ.സി.പി. പറഞ്ഞു. പ്രതിയായ തായിഫ് മൂന്നാഴ്ചമുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
കൊയിലാണ്ടി, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരം, വേങ്ങേരി, മഞ്ചേരി എന്നിവിടങ്ങളിൽനിന്നെല്ലാം ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. . മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് കഴിഞ്ഞമാസം 19-ന് ഒരു ബൈക്ക് മോഷണംപോയ പരാതിയിൽ അന്വേഷണം നടത്തുമ്പോഴാണ് ഇവർ പോലീസിന്റെ വലയിലാവുന്നത്.
