ബാലുശ്ശേരിയിൽ ഭർത്താവിന്റെ മരണം: വനിതാ സുഹൃത്തിനെതിരെ ഭാര്യയുടെ പരാതി

ബാലുശ്ശേരി ∙ യുവാവ് ജീവനൊടുക്കിയതിന് ഉത്തരവാദി വനിതാ സുഹൃത്താണെന്നും അതിനാൽ അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ പൊലീസിൽ പരാതി നൽകി.നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഭാര്യ സി.പി.ദീപ പരാതി നൽകിയത്. ഭർത്താവ് ജീവനൊടുക്കാൻ കാരണം വനിതാ സുഹൃത്താണെന്നു പരാതിയിൽ വിശദീകരിക്കുന്നുണ്ട്.

ഏതാനും മാസങ്ങളായി ജയേഷ് വനിതാ സുഹത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനെതിരെ ഒരിക്കൽ ഭാര്യയും അമ്മയും നൽകിയ പരാതിയിൽ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വീട്ടിൽ പോകാൻ പൊലീസ് ഉപദേശിച്ചെങ്കിലും യുവാവ് ചെവിക്കൊള്ളാതെ വനിതാ സുഹൃത്തിനൊപ്പം പോവുകയായിരുന്നു.

അതിനു ശേഷം ജയേഷിന്റെ വനിതാ സുഹൃത്ത് ഭാര്യയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ടിപ്പർ ലോറി ഡ്രൈവറായ ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേന്നു വീട്ടിലേക്കു വിളിച്ച് ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മയും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ജയേഷ്.

വനിതാ സുഹൃത്ത് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ഇടതു കയ്യിൽ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തതായി ദീപ പരാതിയിൽ വിശദീകരിക്കുന്നുണ്ട്.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ജയേഷിന്റെ മൊബൈൽ ഫോൺ തന്നെ ഏൽപിക്കണം എന്ന് ആവശ്യപ്പെട്ട് യുവതി വിളിച്ചത് ദുരൂഹമാണെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളുടെ കൈവശമായിരുന്നു അപ്പോൾ ജയേഷിന്റെ ഫോൺ. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

error: Content is protected !!