
newsdesk
കോഴിക്കോട്∙ ജില്ല സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രഖ്യാപിച്ചു. സംസ്ഥാനത്തു സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന രണ്ടാമത്തെ ജില്ലയാണു കോഴിക്കോട്. ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായുള്ള സർവേ, പരിശീലനം തുടങ്ങിയ പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം.
14 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായി ജില്ലയിൽ 73.88 ലക്ഷം പേരിലാണു സർവേ നടത്തിയത്. 24,091 വൊളന്റിയർമാരുടെ സഹായത്തോടെയാണു സർവേ പൂർത്തിയാക്കിയത്. സർവേയിലൂടെ കണ്ടെത്തിയ 19.53 ലക്ഷം പേർക്കു പരിശീലനം നൽകി. കുടുംബശ്രീ, സാക്ഷരത മിഷൻ, കില തുടങ്ങി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു സർവേയും പരിശീലനവും നടത്തിയത് .
