4 കി.മീറ്റർ റോഡിന് ആറ് കോടിയുടെ നവീകരണം ; രണ്ടാഴ്ചക്കകം തകർന്ന് മുക്കം- എരഞ്ഞിമാവ് –കൂളിമാട് റോ‍ഡ്

മുക്കം∙ കോടികൾ ചെലവഴിച്ച് നവീകരിച്ച എരഞ്ഞിമാവ് –കൂളിമാട് റോ‍ഡ് രണ്ടാഴ്ചക്കുള്ളിൽ തകർന്നു. ടാറിങ് നടത്തി ദിവസങ്ങൾക്കകമാണ് റോഡ് തകർന്നത്. തെനങ്ങാപറമ്പ്, കൂളിമാട് അങ്ങാടിക്ക് സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് തകർന്നത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും സർവീസ് നടത്തുന്ന റോഡാണിത്.

4 കിലോമീറ്റർ ദൈർഘ്യത്തിൽ 6 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. പൊട്ടിപ്പൊളിഞ്ഞതിനൊപ്പം ടാറിങ് നടത്തിയതിന്റെ ഇരുഭാഗത്തും കട്ടിങ്ങും രൂപപ്പെട്ടിട്ടുണ്ട്. തകർന്ന സ്ഥലങ്ങളി‍ൽ അറ്റകുറ്റ പ്രവൃത്തിക്ക് കരാറുകാർ എത്തിയെങ്കിലും നാട്ടുകാർ തടഞ്ഞു. റോഡ് നവീകരണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് അംഗം എം.ടി.റിയാസ് പറഞ്ഞു

error: Content is protected !!