കൊയിലാണ്ടിയിൽ വീട്‌ കുത്തിത്തുറന്ന് മോഷണം ;വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു

newsdesk

മൂടാടി: കൊയിലാണ്ടിയില്‍ വീണ്ടും മോഷണം. പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മോഷണം നടന്നത് . വീടിന് പിറക് വശത്തെ വാതില്‍ പൊട്ടിച്ച് ഉള്ളില്‍ കയറിയ കള്ളന്‍ ഉറങ്ങിക്കിടക്കുയായിരുന്ന ഷാഹിനയുടെ കഴുത്തില്‍ നിന്നും 3 പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു.

സംഭവ സമയത്ത് ഷാഹിനയും ഭര്‍ത്താവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകന്‍ ഉമര്‍ ഷെഫീല്‍ ഇന്നലെ കോഴിക്കോടുള്ള ഭാര്യ വീട്ടില്‍ പോയിരുന്നു. മാല പൊട്ടിച്ച ഉടനെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഷാഹിന ഭര്‍ത്താവിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ വിവരമറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

അടുത്തിടെ കൊയിലാണ്ടിയില്‍ മോഷണം പതിവായിരിക്കുകയാണ്. ആളില്ലാത്ത സമയം മനസിലാക്കി വീട്ടിനുള്ളില്‍ കയറിയാണ് മോഷ്ടാക്കള്‍ മോഷണം നടത്തുന്നത്. പാലക്കുളത്തെ ഇന്നത്തെ മോഷണമടക്കം ഇതോടെ മൂന്ന് വീട്ടമ്മമാരുടെ മാലയാണ് വീട്ടിനുള്ളില്‍ കയറി മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്. ദിവസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും കള്ളനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കള്ളന്മാര്‍ പതിവായതോടെ ജനങ്ങള്‍ ആശങ്കയിലാണ്‌.

error: Content is protected !!