കൂമ്പാറ – കക്കാടംപൊയിൽ റോഡ്: വളവിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥ

കൂടരഞ്ഞി∙ കൂമ്പാറ –കക്കാടംപൊയിൽ റോഡിലെ കോട്ടയം വളവിനു സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ. കുത്തനെ ഇറക്കവും കൊടും വളവുമുള്ള റോഡിന്റെ വശം ഇടിഞ്ഞിട്ട് ഒരു മാസമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനു മുകളിൽ റിബൺ കെട്ടി അപകട മുന്നറിയിപ്പ് വച്ചിരിക്കുകയാണ്. ഇടിഞ്ഞതിന്റെ എതിർ വശത്ത് റോഡരികിലുള്ള കൂറ്റൻ കല്ല് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.

റോഡിനോടു ചേർന്ന ഭാഗം വീണ്ടും ഇടിയാനുള്ള സാഹചര്യമുണ്ട്. മലയോര ഹൈവേയിൽ ഉൾപ്പെടുമെങ്കിലും ആനക്കല്ലുംപാറ ജംക്‌ഷൻ– പീടികപ്പാറ – താഴെ കക്കാട് വരെയുള്ള ഭാഗത്ത് പഴയ റോഡ് തന്നെ നിലനിർത്തി ബാക്കിയാണ് മലയോര ഹൈവേ ആക്കിയത്. അതിനാൽ ഈ ഭാഗത്ത് മലയോര ഹൈവേയുടെ പ്രവ‍ൃത്തി നടന്നിട്ടില്ല. ചെങ്കുത്തായ ഇറക്കവും അപകട വളവുകളുമുള്ള ഈ റോഡിൽ ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. കക്കാടംപൊയിൽ ടൂറിസ്റ്റ് കേന്ദ്രം ആയതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.

2020ൽ സെൻട്രൽ റോഡ് ഫണ്ട് (സിആർഎഫ്) ഉപയോഗിച്ച് 10 കോടി രൂപയുടെ പ്രവ‍ൃത്തിക്ക് അനുമതി നൽകിയിരുന്നു. നോർത്ത് കാരശ്ശേരി മുതൽ താഴെ കക്കാട് ഭാഗം വരെ 3 ഘട്ടങ്ങളിലായി 8.24 കിലോമീറ്റർ നവീകരിക്കാനായിരുന്നു പദ്ധതി. ഇതിൽ ആനക്കല്ലുംപാറ മുതൽ താഴെ കക്കാട് വരെയുള്ള 4.44 കിലോമീറ്റർ ദൂരമാണ് ഈ പദ്ധതിയിൽ വന്നത്. എന്നാൽ പ്രവ‍ൃത്തി കരാർ എടുത്ത നാഥ് കൺസ്ട്രക്‌ഷൻ കമ്പനി സമയ ബന്ധിതമായി പ്രവ‍ൃത്തി നടത്തിയില്ല.

കാലാവധി നീട്ടിയിട്ടും പ്രവ‍ൃത്തി നടത്താത്തതിന് 2022ൽ കമ്പനിയെ ഒഴിവാക്കി. ഓടനിർമാണം, ബിസി നിലവാരത്തിലുള്ള ടാറിങ് എന്നിവയൊന്നും അപ്പോൾ നടത്തിയിരുന്നില്ല. 3 മാസം ആയപ്പോൾത്തന്നെ പലയിടത്തും പൊളിയാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് 3 കോടി രൂപയ്ക്ക് റോഡ് വീണ്ടും ടെൻഡർ ചെയ്ത് മലബാർ പ്ലസ് എന്ന സ്ഥാപനത്തിന് കരാർ നൽകിയത്.

പുതിയ കരാർ എടുത്ത കമ്പനി റോഡിൽ ടാറിങ് നടത്തിയ ശേഷം സൈഡ് കോൺക്രീറ്റ് പ്രവ‍ൃത്തി ആരംഭിച്ചു. മഴക്കാലം തുടങ്ങിയപ്പോൾ നടത്തിയ പ്രവ‍ൃത്തിക്ക് ഗുണമേന്മ ഇല്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. മഴ ഉള്ളപ്പോൾ പോലും കോൺക്രീറ്റ് നടത്തി സിമന്റ് ഒഴുകിപ്പോകുന്ന സാഹചര്യവും ഉണ്ടായെന്ന ആക്ഷേപവും ഉയർന്നിരുന്നു.

മേലെ കൂമ്പാറ –കള്ളിപ്പാറ– താഴെ കക്കാട് റോഡിൽ 7 ഹെയർപിൻ വളവുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും അപകടാവസ്ഥയിലുള്ളത് കോട്ടയം വളവാണ്. 1988ലെ ജീപ്പ് അപകടത്തിൽ 9 പേർ ആണ് ഇവിടെ മരിച്ചത്. ഈ വളവിൽ റോഡിന്റെ വശം അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്തതാണ് റോഡിന്റെ ഒരുവശം 20 മീറ്ററോളം ഇടിഞ്ഞ് താഴത്തെ റോഡിലേക്ക് വീഴാൻ കാരണം.

error: Content is protected !!