newsdesk
ചാത്തമംഗലം ∙ ചെറുപുഴയിലെ കമ്മാങ്കണ്ടി കടവിൽ പിലാശേരി– ചാത്തമംഗലം ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വെന്റ് പൈപ്പ് പാലം പ്രായോഗികമല്ലെന്ന നിരീക്ഷണത്തെ തുടർന്ന് പുതിയ പാലം നിർമിക്കുന്നതിന് സാധ്യതാ പഠനം നടത്തുന്നു.ഇതിനായി മൂന്നര ലക്ഷം രൂപ വകയിരുത്തി ടെൻഡർ നൽകി.കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകി കൈവരികൾ തകരുകയും മരങ്ങൾ അടിഞ്ഞ് പുഴയുടെ ദിശ മാറുകയും ചെയ്തിരുന്നു. ബോട്ട് കടന്നുപോകും വിധം 26 വെന്റ് പൈപ്പുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പാലം നിർമിച്ച് ആദ്യ കാലവർഷത്തിൽ തന്നെ പുഴ ദിശ മാറി ഒഴുകുകയും സമീപത്തെ 25 സെന്റ് സ്ഥലം പുഴയെടുക്കുകയും ചെയ്തിരുന്നു.
പിന്നീട് ഒരു കോടിയോളം രൂപ ചെലവഴിച്ച് പുഴയോരം കെട്ടി സംരക്ഷിച്ചാണു പാലത്തിൽ നിന്നുള്ള കുത്തൊഴുക്ക് മൂലം പരിസരത്തെ സ്ഥലം ഇടിയുന്നത് തടയാനായത്. പാലത്തിനു സമീപം വലിയ കുഴികൾ രൂപപ്പെട്ടത് സമീപത്തെ പറമ്പും റോഡും ഇടിയുന്നതിനും പാലത്തിന് ബലക്ഷയത്തിനും കാരണമാകുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 2018ലും 2019ലും പ്രളയത്തെ തുടർന്ന് പാലത്തിൽ അടിഞ്ഞു കൂടിയ മരങ്ങളും ചെളിയും നാട്ടുകാരുടെ നേതൃത്വത്തിൽ എടുത്തു മാറ്റുകയായിരുന്നു.
ഇരുവഞ്ഞിപ്പുഴയ്ക്കു കുറുകെ മുക്കത്ത് നേരത്തെ വെന്റ് പൈപ്പ് പാലം നിർമിച്ചിരുന്നെങ്കിലും അപകട സാധ്യതയും പ്രളയ ഭീഷണിയും മൂലം പൊളിച്ചു മാറ്റുകയായിരുന്നു. പുതിയ പാലം നിർമിക്കാൻ സ്ഥലം ഏറ്റെടുക്കൽ അടക്കം നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നിലവിലുള്ള പാലത്തിനു സമാന രീതിയിൽ മീഡിയം വാഹനങ്ങൾ കടന്നു പോകുന്ന കോൺക്രീറ്റ് തൂണുകളിലുള്ള പാലം നിർമിക്കുന്നതിനാണു പഠനം നടത്തുന്നത്.