
newsdesk
കൊല്ലം: കേക്കുമായെത്തി പിറന്നാൾ ആഘോഷിക്കാമെന്നായിരുന്നു വിളക്കുടി സർക്കാർ എൽ.പി.സ്‌കൂളിലെ നാലാംക്ലാസുകാരൻ അക്ഷയ്ക്ക് അവന്റെ അച്ഛനും അമ്മയും നൽകിയ ഉറപ്പ്. എന്നാൽ, ഇന്നലെ വീട്ടിലേക്ക് അയൽക്കാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ എത്തിയപ്പോഴും ആ കുരുന്ന് തേടിയത് തന്റെ അച്ഛനെയും അമ്മയേയുമായിരുന്നു. വീട്ടിലേക്കെത്തിയവരോടും അവൻ പറഞ്ഞു: ” അങ്കിളേ… ഇന്നെന്റെ പിറന്നാളാണ്. എന്റെ അച്ഛനും അമ്മയും എപ്പോ വരും…”
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷിന്റെയും ഭാര്യ രാജിയുടെയും മരണവാർത്തയറിഞ്ഞ് മീനംകോട് കോളനിയിലെ ഇവരുടെ വീട്ടിലേക്കെത്തുന്നവർക്ക് പറക്കമുറ്റാത്ത കുരുന്നുകളുടെ ഭാവിയോർത്ത് സങ്കടമടക്കനാകുന്നില്ല. രാജിയുടെ അമ്മ രാധയ്ക്കും അവരുടെ സഹോദരനും മകനും ഒപ്പമാണ് വിളക്കുടി മീനംകോട്ടെ വീട്ടിൽ ഇവർ താമസിച്ചിരുന്നത്. അക്ഷയ് യുടെ പത്താം പിറന്നാളായിരുന്നു വെള്ളിയാഴ്ച്ച.
നാലാംക്ലാസുകാരൻ അക്ഷയും ഇളയ കുട്ടി അക്ഷരയും (അഞ്ച്). കടബാധ്യതയെ തുടർന്ന് അച്ഛനമ്മമാർ ജീവനൊടുക്കിയതറിയാതെ പകച്ചുനിൽക്കുകയാണ് കടം വീട്ടാൻ രാജി വിദേശത്തേക്കു ജോലിക്കുപോകാനുള്ള മെഡിക്കൽ പരിശോധനയ്ക്ക് തയ്യാറെടുപ്പിലുമായിരുന്നു. തൃശ്ശൂർ പുതുശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന വിജേഷ് (42) രണ്ടാഴ്ചമുൻപാണ് പുനലൂരിലേക്ക് സ്ഥലംമാറിയെത്തിയത്. അച്ഛനും അമ്മയും തമ്മിൽ വഴക്കൊന്നും ഇല്ലായിരുന്നെന്നും കടമുണ്ടായിരുന്നെന്നും അതിന്റെ വിഷമം ഉണ്ടായിരുന്നതായും പത്തുവയസ്സുകാരൻ പറയുന്നു. ദമ്പതിമാരുടെ മരണമറിഞ്ഞെത്തുന്നവർക്കു മുന്നിൽ ചോദ്യചിഹ്നമാകുകയാണ് ഈ കുരുന്നുകൾ.
അതേസമയം, രാജിയുടെയും വിജേഷിന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് വിജേഷിന്റെ ഷർട്ട് അരയിൽ ചുറ്റി നഗ്നത മറച്ച നിലയിലാണ് യുവതി വ്യാഴാഴ്ച്ച രാത്രി പത്തരയോടെ മിനി ബസ്സിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇതിന് ശേഷം വിജേഷിനെ ആരും കണ്ടിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് വിജേഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗൾഫിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു രാജി. ഇതിനായി സമീപവാസിയായ ഒരു പ്രമാണി പലിശക്ക് പണം നൽകാമെന്ന് ഇവർക്ക് ഉറപ്പ് കൊടുത്തിരുന്നതായി പറയപ്പെടുന്നു. ഈ പണം വാങ്ങുന്നതിനായാണ് ദമ്പതികൾ വ്യാഴാഴ്ച്ച ഉച്ചയോടെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, പിന്നീട് ബന്ധുക്കളും നാട്ടുകാരും അറിയുന്നത് രാജിയുടെ ആത്മഹത്യയാണ്. സ്വന്തം വസ്ത്രങ്ങൾ നഷ്ടപ്പെട്ട് ഭർത്താവിന്റെ ഷർട്ട് ഉപയോഗിച്ച് നഗ്നത മറച്ച് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത രാജിക്ക് മരണത്തിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്.
കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയിൽ താമസിക്കുന്ന 38 വയസുകാരി രാജി ആവണീശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽവച്ചാണ് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പാന്റ് ഇല്ലാതെ ഭർത്താവ് വിജേഷിന്റ് ഷർട്ട് അരയിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ വിജേഷിനായി തെരച്ചിൽ നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു.
വിളക്കുടി ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ രാജിയുടെ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിജേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് വസ്തു പ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടന്നാണ് ബന്ധുക്കളുടെ ആരോപണം. പണം കടം വാങ്ങാനെന്ന പേരിലാണ് രാജി വീടുവിട്ടിറങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. ഇരുവർക്കും 10 വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്.
