‘ലക്ഷ്യം പണം, വലിയ കടബാധ്യത’; പത്മകുമാറും കുടുംബവും അറസ്റ്റിൽ; പത്മകുമാർ, ഭാര്യ എം.ആർ അനിതകുമാരി, മകൾ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ, ഭാര്യ എം.ആർ അനിതകുമാരി, മകൾ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്. മൂവരെയും ഉടൻ പൂയപ്പള്ളി സ്റ്റേഷനിലെത്തിക്കും. ഇന്ന് തന്നെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയേക്കും.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയൽ കിഡ്‌നാപ്പിങ് ആണെന്നാണ് പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നും ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും ഇവർ മൊഴി നൽകി.ഒരു വർഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലുണ്ടായിരുന്നത്. പണം തന്നെയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. കൃത്യത്തിൽ ഭാര്യക്കും മകൾക്കും പങ്കുണ്ട്. പാരിപ്പള്ളിയിൽ നിന്ന് ഫോൺ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു.

വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ലോൺ ആപ്പുകളിൽ നിന്നടക്കം കുടുംബം വായ്പയെടുത്തിരുന്നു. ബാധ്യത അധികമായതോടെ കുട്ടികളെ കിഡ്‌നാപ്പ് ചെയ്ത് പണം തട്ടാം എന്ന തീരുമാനത്തിലേക്ക് പ്രതികളെത്തുകയായിരുന്നു. ഓയൂരിലെ കുട്ടിയുടെ കിഡ്‌നാപ്പിങ് വിജയിച്ചാൽ കിഡ്‌നാപ്പിംഗ് തുടരാം എന്ന നീക്കത്തിലായിരുന്നു പ്രതികൾ എന്നാണ് വിവരം.

കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. തട്ടിക്കൊണ്ടു പോകൽ നടത്തിയത് താനും ഭാര്യയും മകളും ചേർന്നാണെന്നും പത്ത് ലക്ഷം രൂപ വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നൽകി. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതും രാത്രിയിൽ കുഞ്ഞിനെ നോക്കിയതുമെല്ലാം താൻ ഒറ്റയ്ക്കാണെന്നാണ് ഇയാൾ പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ആദ്യ ഘട്ടത്തിൽ ഒരു പാളിച്ച പറ്റിയെന്നാണ് പത്മകുമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. വീട്ടിൽ അമ്മയ്ക്ക് കൊടുക്കണം എന്ന് കുട്ടിയുടെ സഹോദരന് പ്രതികൾ ഒരു കത്ത് നൽകിയിരുന്നു. പത്ത് ലക്ഷം തന്നാൽ കുട്ടിയെ വിട്ടു നൽകാം എന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാലിത് കാറിലേക്ക് തന്നെ വീണു. ഇതിനെത്തുടർന്നാണ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ വിളിക്കേണ്ടി വന്നത്.

കുട്ടിയുടെ പിതാവുമായി ഇടപാടുകളില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇപ്പോഴും മൊഴി പൂർണമായി എടുത്തിട്ടില്ല. എഡിജിപി മാധ്യമങ്ങളെ കണ്ട് ഔദ്യോഗിക സ്ഥിരീകരണം നൽകും.

കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമായിരുന്നു പത്മകുമാർ ഇന്നലെ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് അന്വേഷണം വഴി തിരിക്കാൻ ഇയാൾ നടത്തിയ നീക്കമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

എന്തുകൊണ്ടാണ് ഓയൂരിലെ കുട്ടിയെ തന്നെ ആദ്യം ടാർഗെറ്റ് ചെയ്തതെന്നാണ് ഇനി കണ്ടെത്താനുള്ളത്. കൊല്ലം ഭാഗത്തെ തന്നെ മറ്റ് അഞ്ച് കുട്ടികളെയും പ്രതികൾ നോട്ടമിട്ടിരുന്നു

error: Content is protected !!