newsdesk
കൊല്ലം∙ ആയൂരിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്ന് എഡിജിപി എം.ആർ.അജിത് കുമാർ. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി വിവരിച്ചു.
‘‘ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു’’ – എം.ആർ.അജിത് കുമാർ പറഞ്ഞു.
‘‘ചുറ്റുമുള്ള പലരും ഇത്തരത്തിൽ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണു കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറഞ്ഞത്. ഒരുവർഷം മുൻപു തന്നെ പദ്ധതി ഇട്ടിരുന്നു. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുൻപാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്കു വച്ചു പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ചിരുന്നു. ഹാൻഡിൽ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു അവർക്ക് ആവശ്യം.
സംഭവത്തിന് ഒരാഴ്ചയ്ക്കു മുൻപു രണ്ടുകുട്ടികളും ട്യൂഷൻ കഴിഞ്ഞ് ആറരമണിയോടെ പോകുന്നതു പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നു വീണ്ടും രണ്ടുമൂന്നു പ്രാവശ്യം കുട്ടിയെ കണ്ടു. ഒരു തവണ കുട്ടിയുടെ അമ്മ തന്നെ ട്യൂഷൻ സെന്ററിൽനിന്നു കുട്ടിയെ വിളിച്ചതിനാൽ തട്ടിയെടുക്കൽ നടന്നില്ല. ഒരുപ്രാവശ്യം കുട്ടിയുടെ അമ്മച്ചി ഉള്ളതിനാൽ നടന്നില്ല. സംഭവ ദിവസം നാലേകാലോടെ അവിടെ എത്തി കാത്തിരുന്നു. പെൺകുട്ടിയെ വണ്ടിക്കകത്ത് വലിച്ചുകയറ്റി.
കുട്ടിയെ വണ്ടിക്കകത്തു കയറ്റിയതിനുശേഷം അച്ഛന്റെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞു. മുഖം പൊത്തിപിടിച്ചു. റിലാക്സ്ഡ് ആയ സമയത്ത് ഗുളിക കൊടുത്തു. കുറെ സ്ഥലത്തു പോയ ശേഷം വീട്ടിലെത്തിച്ചു. കുട്ടിയുടെ കയ്യിൽനിന്നും നമ്പർ വാങ്ങി പാരിപ്പള്ളിയിൽ പോയി. അവിടെനിന്ന് ഓട്ടോ പിടിച്ച് കടയിൽചെന്നു സാധനം വാങ്ങി. കടയുടമയുടെ ഫോൺ വാങ്ങി അമ്മയുടെ ഫോണിൽ വിളിക്കുകയായിരുന്നു. തുടർന്നാണു വിഷയത്തിനു വലിയ മാധ്യമശ്രദ്ധ കിട്ടിയെന്നു പ്രതികൾ മനസിലാക്കിയത്. കുട്ടിയെ ഉപേക്ഷിച്ചശേഷം തൽക്കാലം മാറിനിൽക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. തെങ്കാശിയിൽ മുറിയെടുത്തു. ഹോട്ടലിന്റെ മുന്നിൽവച്ചാണു പ്രതികളെ പിടികൂടുന്നത്. യാത്രയിൽ മൊബൈൽ പ്രതികൾ ഉപയോഗിച്ചിരുന്നില്ല’’–എഡിജിപി പറഞ്ഞു.
ആറുവയസ്സുകാരിയുടെ സഹോദരനെ ഹിറോയെന്നും എഡിജിപി വിശേഷിപ്പിച്ചു. ‘‘സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാൻ പരമാവധി കുട്ടി ശ്രമിച്ചു. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു. കുട്ടി നന്നായി പോരാടി. ആ പയ്യനാണ് ആദ്യത്തെ ഹിറോ. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെൺകുട്ടി കൃത്യമായ വിവരണം നൽകി. മൂന്നാമത്തെ ഹീറോസ് പോർട്രെയ്റ്റ് വരച്ചവരാണ. വളരെ കൃത്യതയോടെ കുട്ടി വിവരിച്ചതും വളരെ കൃത്യതയോടെ പോർട്രെയ്റ്റ് വരയ്ക്കാൻ സാധിച്ചതും കേസ് അന്വേഷണത്തിൽ സഹായകരമായി’’–എഡിജിപി വിവരിച്ചു.
ഞ്ഞു.