ഒടുവിൽ ആശ്വാസ വാർത്തയെത്തി ; കൊല്ലത്ത് നിന്നും തട്ടിക്കൊണ്ടു പോയ ആറുവയസുകാരിയെ കണ്ടെത്തി

കൊല്ലം / തിരുവനന്തപുരം∙ ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.

കോട്ടയം പുതുവേലിയിൽ ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പുതുവേലി കവലയിലെ ബേക്കറിയിൽ രണ്ടു പുരുഷനും ഒരു സ്ത്രീയും ചായ കുടിക്കാനെത്തിയിരുന്നു. എത്തിയവരിൽ ഒരാൾക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് കടയുടമയ്ക്ക് സംശയം തോന്നി. തുടർന്നാണ് െപാലീസ് പരിശോധന നടത്തിയത്. കാറിലാണ് ഇവർ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.

സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീടുകളടക്കം പൊലീസ് കയറി പരിശോധിക്കുന്നുണ്ട്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു. പൊലീസ് സംഘം അബിഗേലിന്റെ വീട്ടിലെത്തി പിതാവ് റെജിയുടെ മൊഴിയെടുത്തു.

അതേസമയം, തിരുവനന്തപുരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരിൽ രണ്ടുപേരെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കും കേസുമായി ബന്ധമില്ലെന്നാണ് വിവരം. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്റർ ഉടമയും രണ്ടു ജീവനക്കാരുമാണ് കസ്റ്റഡിയിലായത്. ഇതിൽ ജീവനക്കാരെയാണ് വിട്ടയച്ചത്. കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും കാർ വാടകയ്ക്ക് കൊടുത്തതാണോയെന്നായിരുന്നു സംശയം. ഇത് സ്ഥിരീകരിക്കാനായിരുന്നു അന്വേഷണം. കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തിരുന്നു. മൂന്നുപേരുമായി തിരുവല്ലത്തെ കാർ വർക് ഷോപ്പിലും പരിശോധന നടത്തി.

ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്.

error: Content is protected !!