newsdesk
കൊടുവള്ളി∙ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം പരിശോധനകൾ ശക്തമാക്കി. നഗരസഭയിലെ പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തത്. പൊയിലങ്ങാടി മഠത്തിൽ രജിന (35) മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പ്രദേശത്തെ പാലക്കുന്ന് കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരിലാണ് അധികവും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടെത്തിയത്. ഈ കുടിവെള്ള പദ്ധതിയുടെ ടാങ്ക് വൃത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന താൽക്കാലിക കച്ചവട കേന്ദ്രങ്ങളിൽ നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തി. കൊടുവള്ളി, പെരിയാംതോട്, സൗത്ത് കൊടുവള്ളി, പാലക്കുറ്റി, നെല്ലാങ്കണ്ടി, വാവാട് സെന്റർ, വാവാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി. നഗരസഭാ പരിധിയിൽ തുടർ ദിവസങ്ങളിലും പരിശോധന നടത്തും.
ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളും മസാല കൂട്ടുകൾ ചേർത്ത ഭക്ഷണ വസ്തുക്കളും വിൽപനയ്ക്ക് അനുവദിക്കില്ല. അത്തരം വസ്തുക്കൾ വിൽക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയതായും തുടർ ദിവസങ്ങളിൽ ആവർത്തിച്ചാൽ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ദേശീയ പാതയിൽ പ്രവർത്തിക്കുന്ന കടകളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് നിർബന്ധമാക്കി.
മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പോർങ്ങോട്ടൂരിൽ വെള്ളിയാഴ്ച മെഡിക്കൽ ക്യാംപും ബോധവൽക്കരണവും നടത്തുമെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചു. പ്രദേശത്തെ കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കും. മുഴുവൻ ജല സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തുമെന്നും നഗരസഭാ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ യു.കെ.സനൽകുമാർ, പിഎച്ച്ഐപി എസ്.സുധീർ എന്നിവർ അറിയിച്ചു.
