
NEWSDESK
കൊടുവള്ളി : ചുണ്ടപ്പുറം കിളച്ചാർവീട് അങ്ങാടിയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. അങ്ങാടിയിലെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി.യും സമീപത്തെ പെട്ടിക്കടയും സംഘം അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കിളച്ചാർവീട് അങ്ങാടിയിൽ നെടുങ്കണ്ടത്തിൽ സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി.യാണ് സംഘം അടിച്ചുതകർത്തത്. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലക്ഷ്മി മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപത്തിലെ ബൾബുകളും സംഘം തകർത്തു. ഇതിന് തൊട്ടടുത്ത് കിളച്ചാർവീട് കാവുതിയോട്ടിൽ ബാലന്റെ പെട്ടിക്കടയിലും സംഘം അക്രമം നടത്തി.
പെട്ടിക്കടയിലെ ഇരുമ്പുമേശ തകർത്ത് ഉപയോഗശൂന്യമാക്കി. കസേര, സ്കൂൾ എന്നിവയുംകേടുവരുത്തി. ഇവിടെയുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തുനിൽക്കുന്നവർക്ക് ഇരിക്കാൻ താത്കാലികമായി സ്ഥാപിച്ച വൈദ്യുതത്തൂണും മറച്ചിട്ട നിലയിലാണ്. കടയിൽ നാശനഷ്ടമുണ്ടാക്കിയവർക്കെതിരേ അന്വേഷണം നടത്തി ശക്തമായ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി മെറ്റൽ ഇൻഡസ്ട്രീസ് ഉടമ സൗത്ത് കൊടുവള്ളി മൂനമണ്ണിൽ ബിജിത്ത്, പെട്ടിക്കട ഉടമ കാവുതിയോട്ടിൽ ബാലൻ എന്നിവർ കൊടുവള്ളി പോലീസിൽ പരാതിനൽകി. കിളച്ചാർ വീട് അങ്ങാടിയും പരിസരവും സന്ധ്യയാകുന്നതോടെ ലഹരിസംഘത്തിന്റെ പിടിയിലമരുന്നത് പതിവായിരിക്കുകയാണ്.
മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഇവിടെ സുലഭമായി ലഭിക്കുന്നതായും ഇത് ഉപയോഗിക്കാനായി പലസ്ഥലങ്ങളിൽനിന്നും ആളുകൾ വൈകീട്ടോടെ അങ്ങാടിയിൽ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. മറ്റുസ്ഥലങ്ങളിൽനിന്ന് ലഹരിവസ്തുക്കൾ ഇവിടെയെത്തിച്ച് വിൽപ്പന നടത്തുന്ന സംഘവും സജീവമാണ്.