
newsdesk
കൊടുവള്ളി∙ കിഴക്കോത്ത് സ്വദേശിയായ ബിസിനസുകാരനെയും കുടുംബത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിനെ (41) കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ചാണ് അന്വേഷണ സംഘം കാക്ക രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കേസിൽ പ്രതികളായ തൃശൂർ കയ്പമംഗലം സ്വദേശികളായ അബ്ദുൽ അക്ബർ, അൻസാർ എന്നിവർ നേരത്തെ പിടിയിലായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ കാക്ക രഞ്ജിത്തിനെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊടി സുനിയുടെ സംഘാംഗമായ കാക്ക രഞ്ജിത്ത് സ്വർണം പൊട്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ 35 കേസുകളിൽ പ്രതിയാണ്. കൊടുവള്ളി ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
