Site icon CTV Online

കല്ലുരുട്ടിയിലെ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഓരോ നാട്ടുകാരും വിവിധ ചലഞ്ചുകളുമായിമുന്നിട്ടിറങ്ങുകയാണ്;കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവിൽ തികച്ചും മാതൃകാപരമായ ‘നാട്ടുകൂട്ട’ത്തിന്റെ സ്നേഹവിരുന്നിൽ ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിനാല്പതിനായിരം രൂപയോളം ചികിത്സാ നിധിയിലേക്ക് സമാഹരിച്ചു

മുക്കം : അപൂർവ്വ രോഗമായ എസ്എംഎ (SMA) ബാധിച്ച കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ നാടൊന്നാകെ കൈകോർക്കുമ്പോൾ, വേറിട്ടൊരു കാരുണ്യ മാതൃക തീർത്ത് കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ് പ്രദേശവാസികൾ. എരഞ്ഞിമാവ് അങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കുടുംബങ്ങളുടെ കൂട്ടായ്മയായ ‘നാട്ടുകൂട്ട’ത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചായ സൽക്കാരത്തിലൂടെയും ഗാനവിരുന്നിലൂടെയും ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 140200രൂപയാണ്.

കുഞ്ഞുങ്ങളുടെ ചികിത്സാ നിധിയിലേക്ക് തങ്ങളാൽ കഴിയുന്ന വിഹിതം കണ്ടെത്തുന്നതിനായി എരഞ്ഞിമാവ് അങ്ങാടി കേന്ദ്രീകരിച്ചാണ് ‘നാട്ടുകൂട്ടം’ ഈ വ്യത്യസ്തമായ ചലഞ്ച് സംഘടിപ്പിച്ചത്. ചായ സൽക്കാരത്തിന്റെ ഭാഗമായി വിവിധ തരം പലഹാരങ്ങളും ചായയും ഒരുക്കിയിരുന്നു. ഇതിനൊപ്പം ഗാനമേളയും റോഡിലൂടെ കടന്നുപോകുന്നവരിൽ നിന്നുള്ള ധനസമാഹരണവും കൂടിയായതോടെ പരിപാടി നാടിന്റെയാകെ ആഘോഷമായി മാറി.

കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഓരോ പ്രദേശത്തും വ്യത്യസ്തമായ ചലഞ്ചുകൾ നടക്കുന്നതിനിടെ എരഞ്ഞിമാവിലെ നാട്ടുകാർ നടത്തിയ ഈ കൂട്ടായ്മ ഏറെ ശ്രദ്ധേയമായി.സമാഹരിച്ച രൂപ അടുത്ത ദിവസം തന്നെ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറുമെന്ന് നാട്ടുകൂട്ടം ഭാരവാഹികൾ അറിയിച്ചു.

Exit mobile version