Site icon CTV Online

വാർഡ് മെമ്പറുടെ ശ്രമം ഫലം കാണുന്നു ,ചാലിയാർ തീരത്ത് ഒറ്റ പെട്ടു കിടക്കുന്ന ഒരേക്കറോളം ഫോറെസ്റ്റ് ഭൂമിയിൽ പുതിയ ടൂറിസം പദ്ധതി; വനം വകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്തി

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെട്ട ചാലിയാർ തീരത്തെ വനഭൂമി പ്രയോജനപ്പെടുത്തി പുതിയ ടൂറിസം പദ്ധതിക്ക് വഴിതെളിയുന്നു. ചെറുവാടി കടവിൽ ചാലിയാറിനോട് ചേർന്ന് നിൽക്കുന്ന ഒരേക്കറോളം വനഭൂമിയും സമീപത്തെ പുറമ്പോക്ക് ഭൂമിയും പ്രയോജനപ്പെടുത്തിയാണ് പദ്ധതി ഒരുങ്ങുന്നത്. ഇതിൻ്റെ ഭാഗമായി വനം വകുപ്പ്പീടികപ്പാറ സെക്ഷൻ ഓഫീസർ കെ. കെ സജികുമാർ, ഉദ്യോഗസ്ഥരായ ടി.ബിനോയി, ഇ എഡിസൺ, കെ.ബിനീത് എന്നിവർ സ്ഥലപരിശോധന നടത്തി. വാർഡ് മെമ്പർ എസ്.എ നാസർ ഒരാഴ്ച മുമ്പ് ഡി.എഫ്.ഒ യുമായി വിഷയം സംസാരിക്കുകയും ഡി.എഫ്.ഒ സ്ഥലംപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്ഷൻ ഓഫീസറെ ചുമതലപ്പെടുത്തുകയുമായിരുന്നു. വയോജനങ്ങൾക്കും കുട്ടികൾക്കുമുൾപ്പെടെ പ്രയോജനപ്രദമായ ഒരു പാർക്കാണ് ഉദ്ദേശിക്കുന്നതെന്ന് എസ്.എ നാസർ പറഞ്ഞു.

സ്ഥലം പരിശോധിച്ചതായും റിപ്പോർട്ട് 2 ദിവസത്തിനകം ഡി.എഫ്.ഒ ക്ക് കൈമാറുമെന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ സജികുമാർ പറഞ്ഞു. സ്ഥലം സർവേ നടത്തി തിട്ടപ്പെടുത്തേണ്ടതുണ്ടന്നും തുടർ നടപടികൾ സ്വീകരിക്കേണ്ടത് മേലുദ്യോഗസ്ഥരാണന്നും അദ്ധേഹം പറഞ്ഞു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവാകും പദ്ധതിയെന്നും ഗ്രാമ പഞ്ചായത്തിന് കൂടി വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണ് ആലോചിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പധികൃതർക്ക് ഉടൻ രേഖാമൂലം കത്തയക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത പറഞ്ഞു.പ്രകൃതി സൗഹൃദ പദ്ധതിയാണ് ലക്ഷ്യമെന്നും പ്രസിഡൻ്റ് പറഞ്ഞു.

നിലവിൽ വർഷത്തിലൊരിക്കൽ ചാലിയാർ ജലോത്സവം നടക്കുന്ന പ്രദേശത്ത് ഈ സമയത്ത് മാത്രം ആയിരക്കണക്കിനാളുകളാണ് എത്തിപ്പെടാറുള്ളത്. രാവിലെയും വൈകുന്നേരവും ചാലിയാറിൻ്റെ മനോഹാരിത കാണാനായും നിരവധി പേർ നിത്യവും എത്തിപ്പെടാറുണ്ട്. ഈ സാധ്യതയെല്ലാം മുന്നിൽ കണ്ടാണ് വലിയ ടൂറിസം പദ്ധതിക്ക് ശ്രമം നടക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനൊപ്പം പ്രദേശത്തെ സാമൂഹ്യ വിരുദ്ധ ശല്യത്തിനും ഒരു പരിധി വരെ പരിഹാരമാവും. വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത, നാട്ടുകാരനും ജില്ല പഞ്ചായത്ത് താമരശ്ശേരി ഡിവിഷൻ മെമ്പറുമായ പി.ജി മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം,സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ കസ്ന ഹമീദ് പഞ്ചായത്ത് അംഗങ്ങളായ എസ്.എ നാസർ, ടി.പി ഷറഫുദ്ധീൻ, ബ്ലോക്ക് പഞ്ചായത്തംഗം മജീദ് മൂലത്ത്, പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു എന്നിവരും സന്നിഹിതരായിരുന്നു

Exit mobile version