പ്രേമവിവാഹം, മറ്റൊരാളുമായി ബന്ധമെന്ന് സംശയം: ഭാര്യയെ വെട്ടിക്കൊന്നു

കിഴക്കമ്പലം∙ വാഴക്കുളം ചെമ്പറക്കി നാലുസെന്റ് കോളനിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണു (26) മരിച്ചത്. സംഭവത്തിൽ ഭർത്താവ് വാഴക്കുളം നോർത്ത് എഴിപ്രം കൈപ്പൂരിക്കര മല്ലപ്പള്ളിത്തടം കോളനിയിൽ രജീഷ് (31) തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. ഭർത്താവുമായി പിണങ്ങി അനുമോൾ സ്വന്തം വീട്ടിലായിരുന്നു താമസം. അടുത്തിടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാവിലെ അനുമോളുടെ മാതാപിതാക്കൾ ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. ഉച്ചയ്ക്ക് പിതാവ് രവി തിരിച്ചു വീട്ടിലെത്തിയപ്പോഴാണു കഴുത്തിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിൽ മകളെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടിനു മരിച്ചു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. പ്രേമ വിവാഹമായിരുന്നു ഇവരുടേത്. കാരുകുളത്തുള്ള മറ്റൊരാളുമായി അനുമോൾക്കു ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾ പൊലീസിനു നൽകുന്ന വിവരം. ഇതു സംബന്ധിച്ചു നേരത്തെ ഒട്ടേറെ വഴക്കുകൾ ഇരുവരും തമ്മിലുണ്ടായിരുന്നു. ഇതാണ് അനുമോൾ സ്വന്തം വീട്ടിലേക്കു പോകാനുള്ള കാരണം. പെയിന്റിങ് ജോലിക്കാരനാണ് രജീഷ്. ഇവർക്കു കുട്ടികളില്ല.

error: Content is protected !!