newsdesk
തിരുവനന്തപുരം : സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിങ്ങൾ അയച്ച പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നോ നിങ്ങൾ ഏതോ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെയോ പേരിൽ ആരെങ്കിലും നിങ്ങളെ വിളിച്ചേക്കാം. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ ആണ് തട്ടിപ്പുകാർ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസർവ് ബാങ്കിലേയ്ക്ക് ഓൺലൈനിൽ അയയ്ക്കാനായി അവർ ആവശ്യപ്പെടും. നിങ്ങൾ വിർച്വൽ അറസ്റ്റിൽ ആണെന്നും പറയും.ഒരിക്കലും ഇത്തരം തട്ടിപ്പിൽ വീഴരുത്. ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ ബന്ധപ്പെടണമെന്നും കുറിപ്പിൽ പൊലീസ് ആവശ്യപ്പെടുന്നു.