Site icon CTV Online

സംസ്ഥാനത്തെ 12 മെഡിക്കൽ കോളജുകളിലേക്കു വാങ്ങിയ 30 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ നശിച്ചു

സംസ്ഥാനത്തെ 12 മെഡിക്കൽ കോളജുകളിലേക്കു വാങ്ങിയ 30 കോടിയോളം രൂപയുടെ ഉപകരണങ്ങൾ ഉപയോഗശൂന്യമായി. കൃത്യമായ പരിപാലനമില്ലാത്തതിനാലും കാലപ്പഴക്കത്താലും മുന്നൂറോളം ഉപകരണങ്ങൾ നശിച്ചതായാണു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇതിൽ ഇരുനൂറോളം വെന്റിലേറ്ററുകളാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ച മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂന്നു ലക്ഷത്തിനു മുകളിൽ വിലയുള്ള ഉപകരണങ്ങളുടെ കണക്കാണ് ഇതിൽ ഉൾപ്പെടുത്തിയത്.


ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധന പൂർത്തിയാകുമ്പോൾ നഷ്ടം ഞെട്ടിപ്പിക്കുന്നതാകുമെന്നാണു സൂചന. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള ചില സ്ഥാപനങ്ങളിൽ ഉപകരണങ്ങളുടെ പെട്ടികൾ പോലും പൊട്ടിക്കാതെ കിടക്കുന്നതായാണു വിവരം.

കേന്ദ്ര സഹായത്തോടെ കോവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങളാണ് അധികവും നശിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ മാത്രം അഞ്ചു മുതൽ പത്തു ലക്ഷം രൂപ വരെ വിലയുള്ള 41 വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി. ഇവ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇനി ഉപയോഗിക്കാൻ കഴിയില്ല. പ്രത്യേക വാർഡുകളും അടിയന്തര ചികിത്സാ സൗകര്യങ്ങളും ഒരുക്കാനാണ് ഇവ വാങ്ങിയത്.

ഒരു കോടിക്കടുത്തു വിലയുള്ള മൈക്രോസ്കോപ്പുകൾ പല കോളജുകളിലും പൂപ്പൽ ബാധിച്ചു കേടായതായും റിപ്പോർട്ടിലുണ്ട്. സ്പെയർപാർട്സ് ലഭ്യമല്ലാത്തതാണ് അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയത്. ബയോ മെഡിക്കൽ സംഘം നടത്തുന്ന ഓഡിറ്റ് പൂർത്തിയായാലേ കൃത്യമായ നഷ്ടം വ്യക്തമാകൂ. ഓഡിറ്റ് ഉടൻ ആരംഭിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആശുപത്രികളിൽ വാങ്ങിയ ഉപകരണങ്ങളെപ്പറ്റി അന്വേഷിക്കാൻ കഴിഞ്ഞ ജൂലൈയിലാണു സമിതിയെ ചുമതലപ്പെടുത്തിയത്.

Exit mobile version