Site icon CTV Online

യാഥാർഥ്യമാക്കിയ സ്വപ്ന പാതകളിലൂടെ യുവാക്കൾക്കൊപ്പം ലിൻ്റോ ജോസഫിൻ്റെ ബുള്ളറ്റ് യാത്ര

മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ യാഥാർഥ്യമാക്കിയ സ്വപ്ന പാതകളിലൂടെ യുവാക്കൾക്കൊപ്പം ലിൻ്റോ ജോസഫിൻ്റെ ബുള്ളറ്റ് യാത്ര. 196 കോടി രൂപ ചെലവിൽ യാഥാർഥ്യമാക്കിയ മലയോര ഹൈവേ, 92 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് എന്നിവയിലൂടെയായായിരുന്നു ബുള്ളറ്റ് റൈഡ്. പദ്ധതികളിലൂടെ നാടിനുണ്ടായ മാറ്റം തൊട്ടറിഞ്ഞ്, സവിശേഷതകൾ യുവാക്കളുമായി പങ്കുവെച്ചായിരുന്നു സ്ഥാനാർഥിയുടെ യാത്ര.

എൽ.ഡി. വൈ.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി മുതൽ കൈതപ്പൊയിൽ വരെയാണ് ‘വികസനപാതയിലൂടെ ബുള്ളറ്റ് റൈഡ് വിത്ത് ലിൻ്റോ ‘ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് ഒട്ടേറെ യുവാക്കൾ ബുള്ളറ്റുമായി റാലിയിൽ അണിനിരന്നു. നാട്ടുകാരോട് വിശേഷങ്ങൾ പങ്കുവെച്ചും വോട്ടഭ്യർഥിച്ചമായിരുന്നു ലിൻ്റോ ജോസഫിൻ്റെ ബുള്ളറ്റ് യാത്ര.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ.പി.ജാഫർ ഷെരീഫ്, പ്രസിഡൻ്റ് രെനിൽ രാജ്, അജയ് ഫ്രാൻസി, സി.എസ്.ശരത്, പി.പി.അഖിൽ, പുഷ്കിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version