Site icon CTV Online

ഇന്ന് ശ്രീകൃഷ്ണ ജയന്തി;വീടുകൾ അമ്പാടിയായി

Web Desk

അഷ്ടമിരോഹിണിയായ തിങ്കളാഴ്ച കേരളം അമ്പാടിയായി മാറുകയായിരുന്നു. രാധാ,കൃഷ്ണ വേഷമണിഞ്ഞ് കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടിയതോടെ വൃന്ദാവനത്തിന് സമാനമായ കാഴ്ചകളാണ് ഒരുങ്ങിയത് .പകര്‍ച്ചവ്യാധിയുടെ നാളുകളിലാണ് ഇത്തവണത്തെയും ആഘോഷപരിപാടികള്‍. നഗര വീഥികൾ അമ്പാടിയാവുന്ന കാലം മാറി ആഘോഷങ്ങൾ വീടുകളിലേക്കൊതുങ്ങി. കൃഷ്ണന്റെയും രാധയുടെയും വേഷത്തിൽ കുട്ടികളെ വീടുകളിൽ അണിയിച്ചൊരുക്കി സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് ആളുകൾ .

ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വാസം. കൃഷ്ണന്‍ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് . ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവേ അറിയപ്പെടുന്നത്.

കോവിഡ് മാനദണ്ഡം പാലിച്ച് അയല്പക്കത്തെ നാല് ഭവനങ്ങൾ ചേർന്നൊരുക്കിയ അമ്പാടി മുറ്റത്താണ് ഇത്തവണ ശോഭായാത്രകൾ നടത്തിയത്. ബാലഗോകുലം പുറത്തിറക്കിയ മാര്ഗ്ഗരേഖയിൽ നേരത്തെതന്നെ ഇതിന്ടെ നിർദ്ദേശം നൽകിയിരുന്നു. വീടുകളിൽ കൃഷ്‌ണകുടീരം, ഉറി,ഊഞ്ഞാൽ എന്നിവ കെട്ടി അലങ്കരിച്ചാണ് അമ്പാടി മുറ്റം ഒരുക്കിയത്.അതേസമയം അമ്പലങ്ങളിൽ ഇത്തവണ ചടങ്ങുകൾ മാത്രമായാണ് ആഘോഷിച്ചത്. കോവിഡ് മുന്കരുതലിന്ടെ ഭാഗമായി ശോഭായാത്രകളും കൂട്ടം ചേർന്നുള്ള ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version