
newsdesk
മുക്കം: പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘അവകാശദിനം’ ആചരിച്ചു. അധ്യാപകരുടെയും പൊതുവിദ്യാലയങ്ങളുടെയും സമഗ്ര പുരോഗതിക്കായി അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട 39 ഇന ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തിക്ക് ഉപജില്ലാ ഭാരവാഹികൾ കൈമാറി.
തസ്തിക നിർണയത്തിനുള്ള അനുപാതം പുനർ നിർണയിക്കുക, ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ,ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കുക, ഇടക്കാലാശ്വാസവും ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡി സെപ് പൂർണ്ണമായും സൗജന്യമാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് കെ.പി. ജാബിർ , ഉപജില്ല പ്രസിഡണ്ട് ടി.പി.അബൂബക്കർ , സെക്രട്ടറി കെ.വി. നവാസ്, ട്രഷറർ എം.സി. ഹാരിസ്, എം എൻ ഫസൽ വാരിസ്, വി കെ അബ്ദുസ്സലീം, ഷമീർ മുക്കം, ഷാഹിർ പി.യു തുടങ്ങിയവർ സംബന്ധിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശക്തമായ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ടി.യു ഭാരവാഹികൾ അറിയിച്ചു.
