രാത്രി എട്ടുകഴിഞ്ഞാൽ മിഴിയടയ്ക്കുന്ന കൊല്ലം നഗരം ഇപ്പോൾ ഉറങ്ങുന്നില്ല!!

കൊല്ലം∙ ഉറക്കമില്ലാത്ത രാത്രി. കൊല്ലം പൂത്തുലയുകയാണ്. എവിടെനോക്കിയാലും ആവേശം. പാട്ടും ഡാൻസുമൊക്കെ ഈ നാടിന്റെ നെഞ്ചിൽ കയറിക്കൊളുത്തിക്കഴിഞ്ഞു. ഒറ്റവാക്കിൽ പറഞ്ഞാൽ ‘എജ്ജാദി വൈബ് !’ കൊല്ലത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഒരു വേദിയുണ്ട്. അവിടെയെല്ലാം ഉറങ്ങാതെ ആളുകൾ ആഘോഷിക്കുന്നുണ്ട്. ചിലയിടത്ത് പാട്ട്, ചിലയിടത്ത് നാടകം, ചിലയിടത്ത് കഥകളി..


രാത്രി എട്ടുകഴിഞ്ഞാൽ പതിയെ മിഴിയടയ്ക്കുന്ന നഗരമാണ് കൊല്ലം. പണ്ടെയുള്ള ശീലം. പക്ഷേ ഇന്നലെ രാത്രി ഈ നഗരം ഉറങ്ങിയിട്ടില്ല. ബൾബുകൾ കത്തിനിൽക്കുന്ന തെരുവോരം. ഒപ്പനയിലെ മണവാട്ടിയെ സ്വീകരിക്കാനെന്നപോലെയാണ് വഴിയോരം. നാണംകുണുങ്ങി വരുന്ന മണവാട്ടിയെക്കാൾ മൊഞ്ച് ഒന്നാംവേദിക്കുമുന്നിൽ തിങ്ങിനിറഞ്ഞവരുടെ മുഖത്തുണ്ട്. കൈയടിച്ചും ആർപ്പുവിളിച്ചും അവർ ഒപ്പനയ്ക്കൊപ്പം ആടിയുലയുകയായിരുന്നു.


നാലാംവേദിയാണ് സത്യത്തിൽ ഒട്ടുമുറങ്ങാതിരുന്നത്. നാടകമത്സരത്തിന്റെ പുകിൽ. ഒരുകാലത്ത് മലയാളക്കരയിൽ നാടകവുമായി ഓടിനടന്ന മനുഷ്യനാണ് ഒ.മാധവൻ. അദ്ദേഹത്തിന്റെ പേരിലുള്ള വേദിയിൽ രാവിലെ മുതൽ നാടകം തുടങ്ങി. പക്ഷേ രാത്രി വൈകിയിട്ടും മത്സരം തീർന്നില്ല. നേരം പുലരുംവരെ തട്ടിൽ നടൻമാരും നടികളും അഭിനയിച്ചു തകർക്കുകയായിരുന്നു. ഡി.വിനയചന്ദ്രന്റെ പേരിലാണ് പതിനെട്ടാം വേദി. സെന്റ്ജോസഫ്സ് സ്കൂളിന്റെ മുറ്റത്തെ മരത്തിൽ വിനയചന്ദ്രിക പോലൊരു ചിത്രം ചാരിവച്ചിട്ടുണ്ട്.

രാത്രികളിൽ കവിത ചൊല്ലിച്ചൊല്ലി ഈ നഗരത്തിലൂടെ നടന്നുപോയൊരാൾ. കായലിനക്കരെനിന്ന് കേട്ടുശീലിച്ച കവിശബ്ദം. വിനയചന്ദ്രന്റെ പേരിലുള്ള വേദിക്ക് അത്ര പെട്ടന്ന് ഉറങ്ങാൻ കഴിയില്ലല്ലോ. നാടൻ‍പാട്ടുമായി കുട്ടികൾ തകർക്കുകയാണ്. ഇടുക്കിയിലെ ഗോത്രവർഗക്കാരുടെ പാട്ടുകൾ‍..ഞാറ്റുപാട്ടുകൾ…പഴങ്കഥകളുടെ കെട്ടഴിഞ്ഞപോലെ പാട്ടുകൾ‍. തുടി കൊട്ടും താളവുമായി, നാട്ടുവേഷമണിഞ്ഞ കലാകാരൻമാർ മുടിയഴിച്ചിട്ടാടുന്നു.

തെരുവിലേക്കിറങ്ങി നോക്കൂ. രാത്രിവൈകിയും വഴിയരികിലൂടെ നടന്നുപോകുന്ന കുട്ടികൾ. അച്ഛനും അമ്മയ്ക്കുമൊപ്പം. കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം. ചിലർ തട്ടുകടകളിൽ നിന്ന് ചൂടുദോശ കഴിക്കുന്നു. ചിലർ ആവി പറക്കുന്ന കാപ്പി കുടിക്കുന്നു. ചിലർ അടുത്ത ട്രെയിനിനു നാടുപിടിക്കാൻ നെട്ടോട്ടമോടുന്നു. ഇന്നലെ രാവിലെ പെയ്ത മഴയുടെ ആലസ്യം രാത്രി വിട്ടകന്നു . ഇല്ല. ഇനിയുള്ള മൂന്നു രാത്രികളിലും ദേശിംഗനാടിന്റെ മണ്ണിന് ഉറക്കമില്ല. ആഘോഷമാണ് ഈ രാവുകൾ, പകലുകൾ…

error: Content is protected !!