Site icon CTV Online

ഓണ്‍ലൈന്‍ ക്ലാസിനിടെ മുഖംമൂടി ധരിച്ച് വ്യാജവിദ്യാര്‍ഥി; മുന്നറിയിപ്പുമായി പൊലീസ്

News Desk

ഓണ്‍ലൈന്‍ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
ഓണ്‍ലൈന്‍ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകര്‍ക്ക് പരിചയമില്ലാത്തതിനാല്‍ വ്യാജന്മാരെ കണ്ടെത്തുക പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസില്‍ കയറുന്നതുമൂലം പേരുകള്‍ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനാല്‍ അന്വേഷണത്തിന് പരിമിതിയുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ഒരാള്‍ ഡാന്‍സ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു, കൊല്ലത്തെ ഒരു സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലെ ഓണ്‍ലൈന്‍ റൂമിലെ കമന്റ് ബോക്‌സില്‍ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകള്‍, ട്രോളുകള്‍ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസില്‍ 48 കുട്ടികള്‍വരെയെത്തിയ സംഭവവുമുണ്ടായെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

പലപ്പോഴും ക്ലാസുകളുടെ ലിങ്കും പാസ്വേഡും കുട്ടികളില്‍നിന്നുതന്നെയാണ് ചോരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറാതിരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം നടത്തണം. കുട്ടികളുടെ പേരുചേര്‍ത്തുള്ള ഐ.ഡി.ഉപയോഗിച്ച് ക്ലാസില്‍ കയറിയാല്‍ ഒരുപരിധിവരെ പ്രശ്‌നം പരിഹരിക്കാം. പുറത്തുള്ളവര്‍ ക്ലാസില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Exit mobile version