
WebDesk
പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപ്പെട്ടികളിലൊന്ന് കാണാതാകുകയും വൈകാതെ മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. വിവാദമായതിന് പിന്നാലെ വോട്ടുപെട്ടി നാടകീയമായി കണ്ടെത്തുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ ആയിരുന്നു മൂന്ന് പെട്ടികള്‍ സൂക്ഷിച്ചിരുന്നത്. ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഇന്ന് രാവിലെ പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോള്‍ ഒരു പെട്ടി കാണാനില്ലായിരുന്നു. രണ്ടു പെട്ടികള്‍ മാത്രമാണ് ട്രഷറിയില്‍ ഉണ്ടായിരുന്നത്. ഇത് വലിയ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കാണാതായ വോട്ടുപ്പെട്ടി മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഇത് എങ്ങനെ ഇവിടെ എത്തിയെന്നതില്‍ വ്യക്തതയില്ല. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഉണ്ടായതെന്നാണ് കരുതുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം.മുസ്തഫ പ്രതികരിച്ചു. ‘പ്രത്യേക കരുതല്‍ വേണമെന്ന് കോടതിയുടെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. മൂന്ന് പെട്ടികളില്‍ ഒന്ന് മാത്രം എങ്ങനെ മാറ്റി എന്നതില്‍ സംശയമുണ്ട്. അട്ടിമറി അടക്കം നടന്നോയെന്ന് അന്വേഷിക്കട്ടെ’ മുസ്തഫ പറഞ്ഞു.
