
WebDesk
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് തുറന്ന കത്തുമായി പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെട്ട സി.പി.എം. കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം. മോഹങ്ങളുണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല എന്ന് തുടങ്ങുന്ന കത്തില്‍, രാഷ്ട്രീയത്തില്‍ ജോസ് കെ. മാണിയേക്കാള്‍ അനുഭവപരിചയം തനിക്കാണെന്ന് ബിനു അവകാശപ്പെടുന്നു. കെ.എം. മാണിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി താന്‍ പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ പാന്റും ഷര്‍ട്ടും അണിഞ്ഞ് മാരുതി 800 കാര്‍ സ്വയം ഡ്രൈവ് ചെയ്ത് കത്തീഡ്രല്‍ പള്ളിയിലേക്ക് പോകുകയായിരുന്നു ജോസ് കെ. മാണിയെന്ന് ബിനു കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യു.ഡി.എഫ്. പ്രവര്‍ത്തകനായിരുന്നപ്പോള്‍ ജോസ് കെ. മാണിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ആളാണ് താനെന്നും കത്തില്‍ അദ്ദേഹം അവകാശപ്പെടുന്നു. തനിക്ക് ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെട്ട ദിവസം പാലായുടെ രാഷ്ട്രീയ ചരിത്രത്തില്‍ കറുത്ത ദിനമായി രേഖപ്പെടുത്തും. പാര്‍ട്ടിയോടും മുന്നണിയോടും പരിഭവിച്ച്, നഷ്ടബോധത്താല്‍ പൊതുരംഗത്ത് നിന്നും മാറിനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറുപടിയായി ഇനിയും പാര്‍ട്ടിക്ക് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി, അവരുടെ ക്ഷേമത്തിനു വേണ്ടി മുന്‍നിരയില്‍ തന്നെ ഉണ്ടാവുമെന്നും കത്തിലുണ്ട്. ജോസ് കെ. മാണിയെ പ്രിയ ജോമോന്‍ എന്ന് വിശേഷിപ്പിച്ചാണ് കത്ത് ആരംഭിക്കുന്നത്.
