Site icon CTV Online

അവിവാഹിതയായ അമ്മയുടെ മകനും രാജ്യത്തിന്റെ പൗരന്‍, സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരുമാത്രം നല്‍കാം.

Web Desk

അച്ഛനാരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റടക്കമുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളില്‍നിന്നും നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ നിര്‍ണ്ണായക ഉത്തരവ്. അവര്‍ അവിവാഹിതയായ അമ്മയുടെ മാത്രം മക്കളല്ല, ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ കൂടി സന്തതികളാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മഹാഭാരതകഥയിലെ ‘കര്‍ണ്ണന്റെ’ ദുരിതപര്‍വം വിവരിക്കുന്ന കഥകളിപദങ്ങളും വിധിന്യായത്തിലുണ്ട്. പുതിയകാലത്തെ ‘കര്‍ണ്ണന്‍’മാര്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും ഭരണഘടനക്കോടതികളും ഉറപ്പുവരുത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ ജനനസര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ മാത്രം പേര് ഉള്‍പ്പെടുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന അപേക്ഷയില് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് മുതല്‍ പാസ്‌പോര്‍ട്ട് വരെയുള്ള സര്‍ട്ടിഫിക്കറ്റില്‍നിന്നും പിതാവിന്റെ പേര് ഒഴിവാക്കി പുതിയത് നല്‍കണം.
പ്രായപൂര്ത്തിയാകുന്നതിന് മുമ്പ് അജ്ഞാതനായ ആരില്‍നിന്നോ ഗര്‍ഭിണിയായ അമ്മയുടെ മകനായിരുന്നു ഹര്‍ജിക്കാരന്‍. അമ്മയും ഹര്‍ജിക്കാരിയായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ഉള്‍പ്പെടുത്തി നല്കണമെന്നായിരുന്നു ആവശ്യം.

Exit mobile version