ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം; കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ, തുറമുഖ വകുപ്പ് വാസവന് ;‌മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

‌മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം ലഭിച്ചു. ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം എന്നീ വകുപ്പുകളും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകളുമാണ് ലഭിച്ചത്. വി എൻ വാസവൻ സഹകരണത്തിന് പുറമേ തുറമുഖ വകുപ്പ് കൂടി കൈകാര്യം ചെയ്യും.

സത്യപ്രതിജ്ഞ ചെയ്തശേഷം മാധ്യമങ്ങളോട് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചg. ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നും വകുപ്പേതായാലും നീതി പുലർത്തുമെന്നും കെബി ഗണേഷ് കുമാർ പ്രതികരിച്ചു.വകുപ്പേതായാലും ഏറ്റെടുക്കും. മുഖ്യമന്ത്രി നൽകുന്ന ഏത് വകുപ്പായാലും അതിനോട് കൂറും സത്യസന്ധതയും പുലർത്തുമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

കെഎസ്ആര്‍ടിസിയെ ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാൻ പരമാവധി ശ്രമിക്കുമെന്ന് കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. പരിഷ്കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. അതിനായി തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ.

രണ്ടരവര്‍ഷമാണ് ഇനിയുള്ളത്. അതിനാല്‍ അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഗണേഷ്‌കുമാർ വ്യക്തമാക്കി. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതി തനിക്കില്ല. തന്നെ ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തിന്‍റെ നയം എന്തിനാണെന്ന് മനസിലാകുന്നില്ല. അവരെയാണ് ബഹിഷ്കരിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!