
newsdesk
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയായ വിരല്‍ത്തുമ്പിലെ മായാത്ത ‘രഹസ്യ’ പര്‍പ്പിള്‍-ബ്‌ളാക്ക് മഷിക്കൂട്ടിനായി ഇത്തവണ ചെലവായത് 4.67 കോടി രൂപ. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് (എംപിവിഎല്‍) കമ്പനിയാണ് 76,200 ബോട്ടില്‍ മഷിയും ആപ്ലിക്കേറ്ററും വിതരണം ചെയ്തത്. ഇതിനായി 4,67,78,740 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
1962 മുതല്‍ മഷി നിര്‍മിക്കുന്നത് ഈ കമ്പനി തന്നെയാണ്. നാഷണല്‍ റിസര്‍ച്ച് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വികസിപ്പിച്ച മഷി ഇപ്പോള്‍ 25 രാജ്യങ്ങളിലേക്കു തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കയറ്റി അയയ്ക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രം 55 കോടി രൂപയുടെ 26.55 ലക്ഷം ബോട്ടില്‍ മഷിയാണ് എംപിവിഎല്‍ വിതരണം ചെയ്തത്. 5 മില്ലി, ഏഴര മില്ലി, 10 മില്ലി തുടങ്ങി, 20, 60, 80 മില്ലിലീറ്റര്‍ വരെ കൊള്ളുന്ന ചെറിയ കുപ്പികളിലാണ് തിരഞ്ഞെടുപ്പിനു മഷിയെത്തുന്നത്. 5 എംഎല്‍ കുപ്പിയിലെ മഷി ഏതാണ്ട് 300 വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കാം.
കള്ളവോട്ട് തടഞ്ഞ് ജനാധിപത്യത്തിന്റെ രക്ഷകനായി നിലകൊള്ളുന്ന ഈ മഷി ഒരിക്കല്‍ പുരട്ടിയാല്‍ 72 മണിക്കൂര്‍ മായാതെ തുടരും എന്നതാണ് പ്രത്യേകത. ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടി വിടുന്ന മഷിയുടെ രാസക്കൂട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പോലും അറിയാത്ത രഹസ്യമാണ്. 1937 ല്‍ മൈസൂര്‍ രാജാവ് നാലവഡി കൃഷ്ണരാജ വൊഡയാര്‍ ആരംഭിച്ച എംപിവിഎല്‍ കമ്പനിക്കാണ് തിരഞ്ഞെടുപ്പു മഷി നിര്‍മാണത്തിന്റെ കുത്തക.
മഷി ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയ 1962 മുതല്‍ നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണു കമ്പനിയുടെ പ്രവര്‍ത്തനം. മഷിയിലെ പ്രധാന ഘടകം ‘സില്‍വര്‍ നൈട്രേറ്റ്’ ആണ്. സൂര്യപ്രകാശത്തിനൊപ്പം അള്‍ട്രാ വയലറ്റ് (യുവി) രശ്മികള്‍ മഷിയില്‍ പതിക്കുന്നതോടെ വയലറ്റ് നിറം കറുപ്പായി ത്വക്കിലും നഖത്തിലും കടിച്ചുപിടിക്കും. 20 ശതമാനം സില്‍വര്‍ നൈട്രേറ്റ് അടങ്ങിയ മഷി സോപ്പോ മറ്റു ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ചു കഴുകി കളയാന്‍ കഴിയില്ല. ഇതൊഴികെ മറ്റു രാസക്കൂട്ടുകളുടെ വിവരങ്ങള്‍ പരമരഹസ്യമായി തന്നെ തുടരുകയാണ്.
