Site icon CTV Online

ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ; കടലോരങ്ങളിൽ ഇനി 52 ദിവസത്തെ വറുതിക്കാലം

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിങ് നിരോധനം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കുമായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആഴക്കടൽ മത്സ്യബന്ധം പൂർണമായും സ്തംഭിക്കും. ഇനിയുള്ള 52 ദിവസം തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് നിരോധന കാലയളവെങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി ഇത് 52 ദിവസമാണ്.

നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് അനുമതിയുണ്ടാവുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകളോട് അടിയന്തിരമായി കേരള തീരം വിട്ടുപോകാൻ അധികൃതർ നിർദ്ദേശ നൽകിയിട്ടുണ്ട്. മറ്റു ബോട്ടുകൾ അതത് ബേസ് ഓഫ് ഓപ്പറേഷൻ കേന്ദ്രങ്ങളിൽ നങ്കൂരമിട്ടണമെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

സഹായത്തിനായി കൺട്രോൾ റൂമുകൾ തുറക്കും

ഇൻബോർഡ് മത്സ്യബന്ധന വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ ബോട്ട് മാത്രമേ അനുവദിക്കൂ എന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജീവൻരക്ഷാ ഉപകരണങ്ങൾ കരുതണമെന്നും രജിസ്ട്രേഷൻ രേഖകൾ, മത്സ്യബന്ധന ലൈസൻസ്, ആധാർ കാർഡ് എന്നിവ എപ്പോഴും കൈവശം വെക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിരോധനം മൂലം ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വിവിധ ഫിഷറീസ് സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

സാമ്പത്തിക സഹായം നൽകണമെന്ന് സംഘടനകൾ

ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ വിതരണത്തിന് പകരം സാമ്പത്തിക സഹായം നൽകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. തീരപ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനായി കോസ്റ്റ് ഗാർഡിന്റെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. മത്സ്യങ്ങളുടെ പ്രജനന കാലത്ത് കടൽ വിഭവങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും കേരള തീരത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.

Exit mobile version