വയനാട്ടിലെ ആദ്യ സിപിഎം മന്ത്രി; കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിസ്ഥാനത്തേക്ക്

തിരുവനന്തപുരം: മാനന്തവാടി എംഎൽഎ ഒ ആർ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണൻ എംപിയായതിനെതുടർന്ന് രാജിവച്ച ഒഴിവിലാണ് അദ്ദേഹം മന്ത്രിസ്ഥാനത്ത് എത്തുന്നത്. സിപിഎം സംസ്ഥാനസമിതി അംഗം കൂടിയായ കേളു വയനാടിന്റെ ചരിത്രത്തിലെ ആദ്യത്തെ സിപിഎം മന്ത്രികൂടിയാണ്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാനസമിതി യോഗമാണ് കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്.

പട്ടികജാതി ക്ഷേമം മാത്രമാണ് കേളുവിന് ലഭിക്കുക. രാധാകൃഷ്ണൻ വഹിച്ചിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷും തുടർന്ന് കൈകാര്യം ചെയ്യും.കുറിച്യ സമുദായത്തിലെ അംഗമായ കേളു സിപിഎം സംസ്ഥാനസമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവുകൂടിയാണ്. പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ചുള്ള നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പികെ ജയലക്ഷ്മിയെ തോല്‍പിച്ച് സംവരണമണ്ഡലമായ മാനന്തവാടിയുടെ എംഎൽഎയായി. 2021ലും വിജയം ആവർത്തിക്കുകയായിരുന്നു.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് കേളു പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി.

error: Content is protected !!